മൂന്നാർ
എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 660 ലിറ്റർ സ്പിരിറ്റ് പിടികൂടി. കെഡിഎച്ച്പി കമ്പനി നയമക്കാട് എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ തോടിനോട് ചേർന്നുള്ള വനത്തിൽ നിന്നുമാണ് 22 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തിയത്. 20 കന്നാസുകളിൽ വീര്യം കൂടിയതും രണ്ട് കന്നാസുകളിൽ കളർ ചേർത്തതുമായിരുന്നു.
ഓണക്കാല പരിശോധനയുടെ ഭാഗമായുള്ള അന്വേഷണത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് മുമ്പ് സ്പിരിറ്റ് കച്ചവടം നടത്തി വന്നയാളുടെ വീടിനു ഏതാനും ദൂരത്ത് കന്നാസുകളിൽ ഒളിപ്പിച്ച നിലയിൽ സ്പിരിറ്റ് കണ്ടെത്തിയത്. എസ്റ്റേറ്റ് മേഖലയിൽ കച്ചവടം നടത്തുന്നതിന് തമിഴ്നാട്ടിൽ നിന്നും രാത്രി കാലങ്ങളിൽ ലോറിയിലെത്തിച്ച് കാട്ടിൽ സൂക്ഷിച്ചതാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജേക്കബ്, പ്രിവന്റീവ് ഓഫീസർമാരായ ബാലസുബ്രമണ്യം, വി പി സുരേഷ്കുമാർ, സിഇഒമാരായ എ സി നെബു, ബിജു മാത്യൂ, കെ വി കുര്യൻ, കെ പി ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്പിരിറ്റ് ഒളിപ്പിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചതായാണ് അറിവ്.