07 August Friday

മന്ത്രി എം എം മണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ആസൂത്രിതം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
 ഇടുക്കി
ചതുരംഗപ്പാറ ഭാഗത്ത് പുതുതായി ആരംഭിച്ച മെറ്റൽ ക്രഷറുമായി ബന്ധപ്പെട്ട് മന്ത്രി എം എം മണിക്കെതിരെയും ഉടുമ്പൻചോല പഞ്ചായത്ത് ഭരണസമിതിക്കെതിരെയുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. നിർമാണസാമഗ്രികൾക്ക് ദൗർലഭ്യമുള്ള ഹൈറേഞ്ചിൽ തമിഴ്നാട് കമ്പത്തുനിന്ന് കല്ല് കൊണ്ടുവന്ന് പൊടിച്ചുകൊടുക്കുന്ന ഈ സംരംഭത്തെ പാർടി നിരുത്സാഹപ്പെടുത്തിയിട്ടില്ല. ജൂൺ 28ന് പകൽ 12ന്‌ മെറ്റൽ ക്രഷറിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പ് കർമവും നിർവഹിച്ചത് എബ്രഹാം മാർ സേവേറിയോസ് മെത്രാപോലീത്തയാണ്. തിരുവനന്തപുരത്തെ വസതിയിലിരുന്ന് വീഡിയോ സന്ദേശം നൽകുക മാത്രമാണ് മന്ത്രി എം എം മണി ചെയ്തിട്ടുള്ളത്. എന്നാൽ, ചില നവമാധ്യമങ്ങൾ നടത്തുന്ന കള്ളപ്രചാരണം മന്ത്രി ഉദ്ഘാടനത്തിന് സ്ഥലത്ത് എത്തിയെന്നും ഒരു കോടി രൂപയുടെ ചെക്ക് കൈപ്പറ്റിയെന്നുമാണ്. മന്ത്രി എം എം മണിയോ ഉടുമ്പൻചോല പഞ്ചായത്ത് ഭരണസമിതിയോ ഇത്തരത്തിലൊരു ചെക്ക് കൈപ്പറ്റുകയോ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയോ ചെയ്‌തിട്ടില്ല. ചതുരംഗപ്പാറയിലെ മെറ്റൽ ക്രഷർ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും തമിഴ്നാട് അതിർത്തിയിലുള്ളതുമാണ്. 
 ഇവിടെ പാറ പൊട്ടിക്കുന്നതിനെ സിപിഐ എം ശക്തമായി എതിർത്തിട്ടുണ്ട്. രാജാപ്പാറ റിസോർട്ടിൽവച്ച് നടത്തിയിട്ടുള്ള ആഘോഷത്തിൽ സിപിഐ എം പ്രവർത്തകരോ ജനപ്രതിനിധികളോ പങ്കെടുത്തിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചവരുടെ പേരിൽ മാതൃകാപരമായി നിയമനടപടി സ്വീകരിക്കണമെന്നാണ് പാർടിയുടെ നിലപാട്. മന്ത്രി എം എം മണിയെ അപകീർത്തിപ്പെടുത്താനും അതുവഴി സിപിഐ എമ്മിനെ മോശപ്പെടുത്താനുമുള്ള കള്ളപ്രചാരണം ജനങ്ങൾ തള്ളിക്കളയണമെന്ന് ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ  അഭ്യർഥിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top