22 September Friday

കുതിരപ്പുറത്താണ് പത്തില്‍ ജയിച്ചവര്‍

കെ പി മധുസൂദനന്‍Updated: Wednesday Jun 7, 2023

അർജുനും അഭിഷേകും സമ്മാനമായി ലഭിച്ച "രാം" എന്ന കുതിരയുമായി

തൊടുപുഴ
അര്‍ജുനും അഭിഷേകിനും ഇപ്പോ ​ഗമയല്‍പ്പം കൂടുതലാ. എങ്ങനെ കൂടാതിരിക്കും, കുതിരപ്പുറത്തല്ലേ നടപ്പ്. രണ്ടാഴ്‍ചയായി അടുത്ത ബന്ധുവീടുകളിലൊക്കെ തങ്ങളുടെ ‘റാമിന്റെ’ പുറത്തേറിയാണ് സവാരി. കൂട്ടുകാരും നാട്ടുകാരുമൊക്കെ നോക്കിനില്‍ക്കും. പത്താംക്ലാസ് പരീക്ഷ വിജയിച്ചതിന് അച്ഛനും അമ്മയുമാണ്  ഇരട്ട സഹോദരങ്ങള്‍ക്ക് കുതിരയെ സമ്മാനിച്ചത്. കുതിരയുടെ പരിചരണത്തിലും സവാരിയിലുമാണ് ഇരുവരുമിപ്പോള്‍. 
   തൊടുപുഴ മണക്കാട്‌ കൂനംമാക്കിൽ കെ എസ്‌ ശ്രീകുമാറിന്റെയും രജിതയുടെയും മക്കളാണ് അർജുനും അഭിഷേകും. കൂലിപ്പണിക്കാരാണെങ്കിലും ഇരുവരും മക്കളുടെ ആ​ഗ്രഹം സാധിച്ചുകൊടുത്തു. കുട്ടികൾക്കായി ചേർന്ന ചിട്ടിപിടിച്ചാണ്‌ കുതിരയെ വാങ്ങാനുള്ള പണം കണ്ടെത്തിയത്‌. 
     കുട്ടിക്കാലം മുതൽ മിണ്ടാപ്രാണികളോട്‌ താല്‍പ്പര്യമേറെയാണ് സഹോദരങ്ങള്‍ക്ക്. മുയൽ, കോഴി, ആട്‌, ലൗബേഡ് തുടങ്ങിയവയെല്ലാം വീട്ടിലുണ്ടായിരുന്നു. കുട്ടികൾ 10ാം ക്ലാസിലായപ്പോള്‍ പക്ഷിമൃഗാദികളെ ഒഴിവാക്കി. പക്ഷേ ഇരുവരുടെയും കുതിരപ്രേമം കുറഞ്ഞിരുന്നില്ല. എസ്എസ്എല്‍സി ജയിച്ചാൽ കുതിരയെ വാങ്ങിത്തരാമെന്ന്‌ രക്ഷിതാക്കള്‍ കുട്ടികൾക്ക്‌ വാക്കുനല്‍കി. അരിക്കുഴ ഗവ. സ്‌കൂളിൽനിന്ന്‌ രണ്ടാളും തരക്കേടില്ലാത്ത മാർക്കുവാങ്ങി ജയിച്ചു. ഫലം വന്നതോടെ ശ്രീകുമാർ കുതിരയ്‌ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്‌ചമുമ്പ്‌ പാലക്കാട്‌ തത്തമംഗലത്തെ ഗൗതമിന്റെ കുതിരഫാമിലെത്തിയാണ് നാലുവയസുള്ള റാമിനെ വാങ്ങിയത്. 
     അർജുനും അഭിഷേകും തത്തമംഗലത്തെത്തി ഒരുദിവസം കൊണ്ട്‌ കുതിരയെ മെരുക്കി വീട്ടിലെത്തിച്ചു. 1,10,000 രൂപയാണ്‌ വില. രാവിലെയും വൈകിട്ടും ഇരുവരും ചേർന്ന്‌ കുതിരയെ ഓടിക്കുകയും നടത്തുകയും ചെയ്യും. ഭക്ഷണത്തിനും മറ്റും നല്ല തുകവേണം. പ്രത്യേക രീതിയിലുള്ള ഗോതമ്പ്‌ തവിട്‌, മുതിര, പുല്ല്‌ എന്നിവയാണ്‌ ഭക്ഷണം. നല്ല ശുദ്ധജലം കുടിക്കാനും. മൂന്നുമാസത്തിലൊരിക്കൽ കുളമ്പിലെ ലാടം മാറണം. കിടന്നുറങ്ങാതിരിക്കാൻ പുഴുങ്ങിയ മുതിരയിൽ കല്ലും മണലും കലർത്തിയാണ്‌ നൽകുന്നത്‌. വിവാഹം, ഉദ്‌ഘാടനങ്ങൾ, ഘോഷയാത്രകൾ തുടങ്ങിയവ കളറാക്കാൻ താൽപ്പര്യമുള്ളവർക്ക്‌ ഇവരെ സമീപിക്കാം. തങ്ങളുടെ ആഗ്രഹം സാധിച്ചുതന്നതിന്‌ പ്ലസ്‍ടു പരീക്ഷയില്‍ ഉന്നതവിജയം നേടാമെന്ന് അച്ഛനും അമ്മയ്‍ക്കും വാക്കുനല്‍കിയിരിക്കുകയാണ് അര്‍ജുനും അഭിഷേകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top