03 February Friday
പെരുവഴി ധർണ 8 കേന്ദ്രങ്ങളിൽ

പച്ചപ്പ്‌ മായുന്ന ഏലവും കർഷകരുടെ കണ്ണീരും

അജി പോളച്ചിറUpdated: Tuesday Dec 6, 2022

ഏലത്തോട്ടത്തിൽ വിളവെടുക്കുന്ന തൊഴിലാളികൾ

വണ്ടൻമേട്
തുടർച്ചയായുള്ള ഏലയ്‌ക്കാ വിലയിടിവും ഉൽപ്പാദന ചെലവിലെ വർധനയും കർഷകരെ കടുത്ത പ്രതിസന്ധിയിലേയ്‌ക്ക്‌ തള്ളിവിടുന്നു. സീസൺ അവസാനിക്കാറായിട്ടും ഏലക്കാ വിലയിൽ കാര്യമായ മുന്നേറ്റം പ്രകടമാക്കാത്തത് ചെറുകിട–-വൻകിട തോട്ടങ്ങളെ സാരമായി ബാധിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലക്ക ഒരു ഘട്ടത്തിൽ ലോകരാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തുവന്നിരുന്ന നാടാണ്‌ ഹൈറേഞ്ച്‌. വിലയിടിവും ഭാരിച്ച ചെലവും രോഗബാധയും ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു. ഏലക്കായ്‌ക്ക്‌ വില തകർച്ച നേരിട്ടതോടെ തോട്ടമുടമകൾ ഉയർന്ന മുതൽ മുടക്കിൽ കൃഷിയിറക്കാനും സംരക്ഷിക്കാനും വിമുഖത കാട്ടി. ഇതോടെ വിള ഉൽപ്പാദനത്തെ സാരമായി ബാധിച്ചു. ഈ മേഖലയിൽ തുച്ഛ  വരുമാനത്തിന് ജോലി ചെയ്തുവരുന്ന സംഘടിത, അസംഘടിത തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ കുറയുന്നതിനും വരുമാന നഷ്ടത്തിനുമിടയാക്കും. സ്ഥിരം തൊഴിലാളികൾക്ക്  ലഭിക്കുന്ന ബോണസ് ഉൾപ്പെടെയുള്ളതിൽ കുറവു വരാനിടയാക്കും.
കേന്ദ്രവും ബോർഡും ഇടപെടുന്നില്ല 
കാലാവസ്ഥ വ്യതിയാനവും രോഗബാധകളും ഏലകൃഷിയെ തളർത്തി. ഉൽപ്പാദന വർധനവിന്‌  വളം,കീടനാശിനികൾക്കായി കർഷകർക്ക് ചെലവാകുന്നത് വലിയ തുകയാണ്‌. കേന്ദ്രം വളം,കീടനാശിനികളുടെ സബ്സിഡി എടുത്തു കളഞ്ഞതും അനിയന്ത്രി വിലകയറ്റം തടയാൻ നടപടി സ്വീകരിക്കാത്തതും കർഷകർക്ക് തിരിച്ചടിയായി.
ഇടനിലക്കാർ മാത്രം ലാഭം കൊയ്യുന്ന ഏലം വിപണിയിൽ കർഷകർക്ക് തറവില പോലും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നില്ല. കർഷകർ വിപണിക്കായി ആശ്രയിക്കുന്ന സ്‌പൈസസ് ബോർഡാകട്ടെ  ന്യായവില ഉറപ്പാക്കാതെ കച്ചവടക്കാരുടെ പക്ഷം ചേരുന്നു. ലേലത്തിലൂടെയാണ് ഏലക്ക വിപണിയിൽ വില ഉയരുന്നതെന്നിരിക്കെ വൻകിട കച്ചവടക്കാർ ബോഡി നായ്ക്കന്നൂരിലും പുറ്റടിയിലെ സ്‌പൈസസ് ബോർഡ് ഓക്ഷൻ സെന്ററിലും ഗുണനിലവാരം കുറഞ്ഞ ഏലക്ക തുടർച്ചയായി ലേലത്തിനു വയ്ക്കുന്നതും വില ഉയരുന്നതിൽ തടസമാകുന്നു. ഒപ്പം ഒരു ലേലത്തിൽ പിന്തള്ളപ്പെട്ട ഉൽപ്പന്നം വീണ്ടും മറ്റൊരു കേന്ദ്രത്തിൽ റീപൂളിങ് നടത്തുന്നതും പതിവാണ്‌. 
  ഇതുവഴി കർഷകർക്ക് ഗുണമേന്മയുള്ള ഏലത്തിനു പോലും അർഹമായ വില ലഭിക്കില്ല. റീപൂളിങ്‌ തടയാൻ സ്‌പൈസസ് ബോർഡ് കാര്യക്ഷമായി ഇടപെടുന്നില്ലെന്നു മാത്രമല്ല ഉത്തരേന്ത്യൻ കച്ചവട ലോബിക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇടക്കാലത്ത് വൻകിട കച്ചവടക്കാരുടെ ലേലം തടയാനെന്ന പേരിൽ പരമാവധി അറുപതിനായിരം കിലോ മാത്രമെ ലേലത്തിൽ വയ്ക്കാനാകൂ എന്ന പരിഷ്കരണം സ്‌പൈസസ് ബോർഡ് കൊണ്ടുവന്നു. എന്നാൽ, ചുരുക്കം ലേലങ്ങളിൽ മാത്രമെ ഇതു പാലിക്കപ്പെടുള്ളു.
തിങ്കളാഴ്ച നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ലേലത്തിൽ 322 ലോട്ടുകളിലായി 1,06,324   കിലോ ആണ് ലേലത്തിൽ വന്നത്. ശരാശരി വില 898.10 ഉയർന്ന വില 1636 ഉം രേഖപ്പെടുത്തി
 
ഇടപെടാതെ 
എംപിയും
കേന്ദ്ര ഉടമസ്ഥതയിലുള്ള സ്‌പൈസസ് ബോർഡിന്റെ പ്രവർത്തനങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടുന്നതിനോ, ഏലം മേഖലയെ സംരക്ഷിക്കുന്നതിന് താങ്ങു വില ഉറപ്പാക്കാനോ എംപി പരിശ്രമിക്കുന്നില്ല. ഈ മേഖലയിലെ കർഷകരുടെ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും എംപിയെന്ന നിലയിൽ ഡീൻ കുര്യാക്കോസ് എംപി ശ്രമിക്കുന്നില്ലെന്ന്‌ പരാതിയുണ്ട്‌.
 
വളം കീടനാശിനികളുടെ അമിത വില
ഒരു ഘട്ടത്തിൽ ഏലത്തിന്റെ വില കിലേയ്‌ക്ക്‌ നാലായിരത്തിനടുത്ത് ലഭിച്ചത് കർഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ചിരുന്നെങ്കിലും പിന്നീട് ഉണ്ടായ വില തകർച്ച സമാനതകളില്ലാത്തതായിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും അഴുകൽ ഉൾപ്പെടെയുള്ള രോഗബാധകളും കൃഷിയെ സാരമായി ബാധിച്ചു. രോഗ നിയന്ത്രണത്തിനും ഉൽപ്പാദനം നിലനിർത്തുന്നതിനും വളം കീടനാശിനി പ്രയോഗം നടത്തേണ്ട ഘട്ടത്തിൽ ഇവയുടെ അമിത വിലക്കയറ്റം കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. കേന്ദ്രം സബ്സിഡി അനുവദിച്ചാലേ ഇതിനു പരിഹാരമാകൂ.

പാട്ടകാരും 
ദുരിതത്തിൽ
വില ഉയർന്നുനിന്ന ഘട്ടത്തിൽ ജില്ലക്കകത്തും പുറത്തുനിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി പേരാണ് വൻതുക മുടക്കി ഏലത്തോട്ടം പാട്ടത്തിനെടുത്തത്‌. ഏക്കറിന് ഒന്നു മുതൽ രണ്ടര ലക്ഷം രൂപ വരെ വർഷം പാട്ടത്തുക നൽകേണ്ട കൃഷിക്കാർ വില തകർച്ചയിൽ ഏറെ വലയുന്നു. കാലംതെറ്റി പെയ്ത മഴയിൽ ഏക്കറു കണക്കിന് കൃഷി അഴുകി നശിച്ചിരുന്നതും ദുരിതമായി. സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്ന ചെറുകിട കർഷകരും ഏലകൃഷി നിലനിർത്തുന്നതിനായി ബാങ്ക് വായ്പകളെയും ഉയർന്ന പലിശ നിരക്കിൽ സ്വകാര്യ പണമിടപാടുകളെയും ആശ്രയിക്കുന്ന സ്ഥിതിയാണ്‌. കൃഷി നഷ്ടത്തിലായതോടെ ആത്മഹത്യയുടെ വക്കിലാണ് പല കർഷകരും.
 
സാമ്പിളെന്ന ‘ചുങ്കം’
ലേലത്തിൽ രേഖപ്പെടുത്തുന്ന ശരാശരി വില പോലും കർഷകർക്ക് പ്രാദേശിക വിപണിയിൽ ലഭിക്കുന്നില്ലെന്ന് മാത്രമല്ല സാമ്പിൾ ഇനത്തിൽ കച്ചവടക്കാർ എടുക്കുന്ന ഏലക്കയും കർഷകർക്ക് നഷ്ടം തന്നെ. പത്തു കിലോയ്ക്ക് 100 ഗ്രാം എന്നനിലയിൽ സാമ്പിൾ കച്ചവടക്കാരെ കാണിച്ച് വിലയുറപ്പിക്കുന്നതാണ് രീതി. സാമ്പിൾ കാണിക്കുന്ന ഏലക്ക തിരികെ നൽകാതെ കച്ചവടക്കാർ സൂക്ഷിക്കും. നൂറു കിലോ വിൽക്കുന്ന കർഷകന്റെ പക്കൽ നിന്നും ഒരുകിലോ സാമ്പിൾ ഇനത്തിൽ കച്ചവടക്കാർ എടുക്കും. ഒന്നിലധികം കച്ചവടക്കാരെ സമീപിച്ചാൽ അതിനനുസൃതമായി സാമ്പിൾ നൽകേണ്ടിവരും. കച്ചവടക്കാർക്ക്‌ മുതൽ മുടക്കില്ലാതെ പലരിൽ നിന്നായി ലഭിക്കുന്ന ഏലക്ക തന്നെ വലിയ അളവു വരും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top