അടിമാലി
മഞ്ഞുപെയ്യുന്ന രാവുകളിൽ സ്നേഹത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി വീണ്ടും ക്രിസ്മസ് രാവുകൾ എത്തുകയാണ്.
കോവിഡ് ഭീതി പൂർണമായി അകലുന്നതോടെ മലനാട്ടിലെ മഞ്ഞിന് കുളിരു കൂടും. ക്രിസ്മസ് വിപണികളിൽ കേക്കും പുൽക്കൂടും സാന്താക്ലോസും എല്ലാം കളം പിടിക്കാറുണ്ടെങ്കിലും താരകങ്ങൾ തന്നെയാണ് താരങ്ങൾ.
പല ആകൃതിയിലും നിറങ്ങളിലും എല്ലാമുള്ള പേപ്പർ നക്ഷത്രങ്ങളാണ് മുൻപ് വിപണിയിലെ താരങ്ങളായിരുന്നതെങ്കിൽ ഇക്കുറി എൽഇഡി നക്ഷത്രങ്ങളാണ് വിപണി കീഴടക്കുന്നത്.
കുറഞ്ഞ തുകയ്ക്ക് വാങ്ങി കൂടുതൽ നാളുകൾ ഉപയോഗിക്കാൻ കഴിയുമെന്നതും വൈവിധ്യമാർന്ന ഈ കുഞ്ഞൻ നക്ഷത്രങ്ങളെ കേമന്മാർ ആക്കുന്നുണ്ട്.
ഈ ക്രിസ്മസ് വിപണി വിദ്യാർഥികൾക്ക് ചെറിയ വരുമാനം ഉണ്ടാക്കുന്നതിനുള്ള അവസരമായി കൂടിയാണ് അടിമാലി എസ്എൻഡിപി വിഎച്ച്എസ്എസിലെ അധ്യാപകരും വിദ്യാർഥികളും കണ്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹൈറേഞ്ച് മേഖലയിലെ എൽഇഡി നക്ഷത്രങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നത് ഈ വിദ്യാർഥികളാണ്.
സ്കൂൾ പ്രിൻസിപ്പൽ പി എൻ അജിത, അധ്യാപകരായ പി എസ് നിഥിൽനാഥ്, ബി അജയ്, കെ എസ് അശ്വതി എന്നിവരാണ് നക്ഷത്ര - അലങ്കാര ലൈറ്റുകളുടെ നിർമാണങ്ങൾക്ക് നേതൃത്വം നൽകുന്നത്. എൽഇഡി നക്ഷത്രങ്ങൾ 150 രൂപ മുതൽ മുകളിലേക്ക് 500 വരെയും, അലങ്കാര മാലകളും ഡിസ്കോ ക്രിസ്മസ് ലൈറ്റുകളും 100 രൂപ മുതലും ഇവർ വിപണിയിൽ എത്തിക്കുന്നുണ്ട്.
നിർമാണ സാമഗ്രികളുടെ തുക മാത്രമാണ് സ്കൂളിന് ലഭിക്കുന്നത്. ബാക്കി ലഭിക്കുന്ന ചെറിയ ലാഭ തുക വിദ്യാർഥികൾക്ക് സ്വന്തം. ഇതോടെ കുട്ടികൾ ഹാപ്പി, ചെറിയ തുകയ്ക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭിക്കുന്നതോടെ ഉപഭോക്താക്കൾക്കും സന്തോഷം.
ഇതിനോടകം തന്നെ നക്ഷത്രങ്ങൾ പൂമുഖങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു. എണ്ണി മടുത്താലും കണ്ടു മടുക്കാത്ത മാനത്തെ നക്ഷത്രങ്ങൾ പോലെ ക്രിസ്മസ് വരവറിയിച്ച് എൽഇഡി നക്ഷത്രങ്ങൾ കളം നിറയുമ്പോഴും പേപ്പർ നക്ഷത്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..