22 October Tuesday

റോഡ്‌ നിർമാണത്തിന്റെ മറവിലെ പാറഖനനം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019
രാജാക്കാട്‌
രാജകുമാരി ബി ഡിവിഷനിൽ റോഡ് നിർമാണത്തിന്റെ മറവിൽ നടത്തിയ അനധികൃത പാറഖനനം റവന്യൂ അധികൃതർ പിടികൂടി. ലോഡ് കയറ്റുകയായിരുന്ന ടിപ്പർ ലോറിയും കംപ്രസറും പിടിച്ചെടുത്തു. രാജകുമാരി സ്വദേശികളായ ലോറി ഡ്രൈവർക്കും കംപ്രസർ ഓപ്പറേറ്റർക്കും എതിരെ കേസെടുത്തു. പുതിയകുന്നേൽ ജോണി(52), പുത്തോടിൽ പി ടി മത്തായി(45) എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
ഉൾപ്രദേശങ്ങളിലൂടെ പോകുന്ന ബി ഡിവിഷൻ–- അറുപതേക്കർ എസ്റ്റേറ്റ് ഭാഗത്തേക്കുള്ള പാതയുടെ നിർമാണത്തിന്റെ മറവിൽ റോഡ് പുറമ്പോക്കിൽനിന്ന്‌ പാറ പൊട്ടിച്ച് വിൽപ്പന നടത്തുകയായിരുന്നു.
  പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് നെടുങ്കണ്ടം ഡെപ്യൂട്ടി തഹസിൽദാർ ബിജു, രാജകുമാരി വില്ലേജ് ഓഫീസർ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ റവന്യൂ സംഘം ലോറിയും കംപ്രസർ ഘടിപ്പിച്ച ട്രാക്ടറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെയും വാഹനങ്ങളും ശാന്തൻപാറ പൊലീസിന് കൈമാറി. അനധികൃത പാറഖനനത്തിനും പൊതുമുതൽ മോഷ്ടിച്ചതിനും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി.  
 
 
പ്രധാന വാർത്തകൾ
 Top