15 August Monday

മുല്ലപ്പെരിയാർ തുറക്കുന്നത്‌ 2014ന്‌ ശേഷം 4 തവണ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി റോഷി അഗസ്റ്റിന്‍ വള്ളക്കടവ് സന്ദര്‍ശിക്കുന്നു

കുമളി
സുപ്രീംകോടതി ഭരണഘടന ബെഞ്ച് 2014 മെയിൽ ജലനിരപ്പ് 142 അടിയായി ഉയർത്തിയ ശേഷം നാലാം തവണയാണ്‌ സ്പിൽവേ ഷട്ടറുകൾ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിടുന്നത്‌. 2015 ഡിസംബർ ഏഴിന് ജലനിരപ്പ് 142 അടി എത്തിയതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തമിഴ്നാട് ഷട്ടർ അടച്ചു. 2018 ആഗസ്തിൽ ഒമ്പത് ദിവസം കൊണ്ട് 6.5 ടിഎംസി ജലം ഇടുക്കിയിലേക്ക് ഒഴുക്കി. 2021 ഒക്ടോബർ 29നും തമിഴ്നാട് സ്പിൽവേ ഷട്ടർ ഉയർത്തി. നവംബർ, ഡിസംബർ മാസങ്ങളിലും പലതവണ ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടു. 
ഗുജറാത്തിലെ മോർവി അണക്കെട്ടിന്റെ തകർച്ചയെ തുടർന്നാണ് 1979ൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി കുറച്ചത്. അതിന് ശേഷം 2014 വരെ ജലനിരപ്പ് ഉയർന്ന് പതിനഞ്ചോളം തവണ ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കി. 
ശരാശരി ഓരോ വർഷവും 1.2 ടിഎംസി ജലം കേരളത്തിന് ലഭിച്ചിരുന്നു. പിന്നീട്‌ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയെ തുടർന്നാണ്‌ ജലനിരപ്പ്‌ 142 അടിയായി ഉയർത്തുന്നത്‌.
142 അടിയിൽ 12.6 ടിഎംസി വെള്ളം ശേഖരിക്കാൻ കഴിയുമെങ്കിലും വർഷവും ഇതിന്റെ നാലിരട്ടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നതായാണ് കണക്ക്. 2018 ലെ പ്രളയസമയത്ത് ജലനിരപ്പ് 139.99ൽ നിർത്തണമെന്ന് സുപ്രീംകോടതി തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. 2014 ഡിസംബറിൽ ജലനിരപ്പ് 140 അടിയെത്തിയിരുന്നു. ജലനിരപ്പ് സുരക്ഷിതമായി നിർത്തുന്നതിന് നിശ്ചയിക്കുന്ന റൂൾ കർവ് തമിഴ്നാട് പാലിക്കുന്നില്ലെന്ന പരാതി മുമ്പുപലപ്പോഴും  ഉയർന്നിരുന്നു.
രണ്ടിടത്തും
മഴ കനക്കുന്നത്‌ 
വെല്ലുവിളി
മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിലും തെക്കൻ തമിഴ്നാട്ടിലും ഒരേ സമയം മഴ തുടർന്നാൽ തമിഴ്നാട്ടിലേക്ക് കൂടുതൽ വെള്ളം ഒഴുക്കാൻ കഴിയില്ല. വലിയ തോതിൽ മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്കുണ്ടായാൽ ജലനിരപ്പ് കുറയ്‌ക്കാൻ മാർഗം ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിടുക മാത്രമാണ്. തമിഴ്നാടിന് ടണൽവഴി തമിഴ്‌നാട്ടിലേക്ക്‌ സെക്കൻഡിൽ പരമാവധി 2400 ഘനയടി വെള്ളം കൊണ്ടുപോകാനാവും. 2018ലെ പ്രളയ സമയത്ത് സെക്കൻഡിൽ അണക്കെട്ടിലേക്ക് കാൽ ലക്ഷത്തിൽപ്പരം ഘനയടി വെള്ളം ഒഴുകിവന്നു. 
2017 നവംബർ 30ന് ഒറ്റദിവസം ജലനിരപ്പ് 6.2 അടി വർധിച്ചു. 2018 ൽ 21 മണിക്കൂറിനുള്ളിൽ 3.9 അടിയും 2019ൽ 24 മണിക്കൂറിനുള്ളിൽ 7.2 അടിയും വെള്ളം ഉയർന്നിരുന്നു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന 71 അടിയുള്ള തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ നിലവിൽ 70 അടി വെള്ളമുണ്ട്‌. വൈഗയിലേക്ക്‌ സെക്കൻഡിൽ 3432 ഘനയടി വെള്ളം ഒഴുകിയെത്തിയപ്പോൾ 2656 ഘനയടി വീതം പുറത്തേക്ക്‌ ഒഴുക്കി. ഒരാഴ്‌ച യായി വൈഗ വൃഷ്ടിപ്രദേശങ്ങളിൽ ദിവസവും ശരാശരി നാല്‌ മില്ലീമീറ്ററിൽ താഴെയാണ്‌ മഴയെങ്കിലും മുല്ലപ്പെരിയാർ ജലം ശേഖരിച്ചതോടെയാണ്‌ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയർന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top