23 September Wednesday
supremecourt@nic.in 25,000 ഇ മെയിൽ

ഗാഡ്‌ഗിൽ റിപ്പോർട്ട്‌: അതിജീവന ഹർജി ചരിത്രമാകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

 ഇടുക്കി

മലയോരജനതയുടെ ജീവിതത്തിന്‌ കരിനിഴൽ വീഴ്‌ത്താൻ സുപ്രീംകോടതിയെ സമീപിച്ച കപട പരിസ്ഥിതിവാദികളുടെ നടപടിക്കെതിരെ കർഷകസംഘം നേതൃത്വത്തിൽ വ്യാഴാഴ്ച അതിജീവന ഹർജി നൽകും. supremecourt@nic.in എന്ന ഇ മെയിൽ വിലാസത്തിലാണ് ഹർജികൾ അയക്കേണ്ടത്. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ശരദ് അരവിന്ദ് ബോബ്‌ദെ‌ക്ക്‌ 25,000 ഇ മെയിലുകൾ അയച്ച്‌ രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അതിജീവന ഹർജിക്കാണ്‌ മലയോരജനത ഒരുങ്ങുന്നത്‌. ഗോവ ഫൗണ്ടേഷന്റെയും 24 പരിസ്ഥിതി സംഘടനകളുടെയും ഹർജി നിരാകരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഹർജി‌. കേസ്‌ വെള്ളിയാഴ്‌ചയാണ് ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌‌ പരിഗണിക്കുന്നത്‌. കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകുന്നത് മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ്. കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ മറവിൽ ജനവാസമേഖലകളെ വനമാക്കാനുള്ള നീക്കത്തിനെതിരെ നടന്ന ജനങ്ങളുടെ പോരാട്ടം അന്തിമവിജയത്തിലേക്ക്‌ എത്തുമ്പോഴാണ്‌ പരിസ്ഥിതി സംഘടനകളും നീലഗിരിയിലെ എട്ട്‌ സ്‌കൂൾ കുട്ടികളും കേസിനു‌ പോയത്‌. ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ സമിതിയും പരിസ്ഥിതിലോല പ്രദേശങ്ങളാക്കിയത്‌ ജനവാസമേഖലയിലെ 123 വില്ലേജുകളാണ്‌. ഇതിൽ ജനവാസമേഖലയായ 31 എണ്ണം പൂർണമായി ഒഴിവാക്കിയും ബാക്കിവരുന്ന 92 വില്ലേജിൽ സംരക്ഷിത വനംമാത്രം ഇഎസ്എ ആയി പരിഗണിച്ചുമാണ്‌ പിണറായി സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. ഈ നിലപാട് അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സുപ്രീംകോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കർഷകസംഘം ഹർജി നൽകുന്നത്.
  കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ സി വി വർഗീസ് തങ്കമണിയിലും സെക്രട്ടറി എൻ വി ബേബി അടിമാലിയിലും ട്രഷറർ എൻ ശിവരാജൻ  കട്ടപ്പനയിലും സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ ചെറുതോണിയിലും പി പി ചന്ദ്രൻ കാഞ്ഞാറിൽനിന്നും ഹർജി നൽകും. കർഷകസംഘം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ ഇമെയിൽ അയക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top