23 September Wednesday

മറയൂരിൽ കരിമ്പ് കൃഷിക്ക് നാശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
 മറയൂർ
മറയൂർ, കാന്തല്ലൂർ പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും കരിമ്പ് കൃഷിക്ക് നാശം. മറയൂർ മേഖലയിൽ ജൂൺ മുതൽ ആഗസ്‌ത്‌ വരെ നൂൽമഴയാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ, പതിവിൽനിന്ന്‌ വ്യത്യസ്‌തമായി തീവ്രമഴയാണ് രാപ്പകൽ വ്യത്യാസമില്ലാതെ മേഖലയിൽ ലഭിക്കുന്നത്‌. ശക്തമായ കാറ്റിൽ ഏക്കർകണക്കിന് പ്രദേശത്തെ കരിമ്പ്‌ കൃഷിയാണ് നശിച്ചത്. കരിമ്പിൻചെടികൾ നിലത്തേക്ക് വീഴുന്നതുകാരണം വളർച്ചയെ സാരമായി ബാധിക്കുകയും എലികളും പന്നികളും കൂട്ടമായെത്തി കൃഷി നശിപ്പിക്കാനും സാധ്യതയേറെയാണ്‌. 
  കാന്തല്ലൂർ കാരയൂർ, കീഴാന്തൂർ മേഖലയിൽ തട്ടുതിരിച്ചുള്ള കൃഷിയാണ് നടക്കുന്നത്. ബീൻസ്, ക്യാരറ്റ്, കാബേജ് പോലുള്ള വിളകളാണ് അധികവും കൃഷി ചെയ്യുന്നത്. ഇവയ്‌ക്ക് കോടമഞ്ഞും നൂൽമഴയുമുള്ള കാലാവസ്ഥയാണ് അനുയോജ്യം. വരുംദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ വ്യാപകമായി ഇവ അഴുകി നശിക്കുമെന്ന്‌ കർഷകർ പറയുന്നു. ഇത്തവണ മഴ ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ വൈകിയാണ് കൃഷിയിറക്കിയത്. പൊടുന്നനെ അനുഭവപ്പെടുന്ന തീവ്രമഴയിൽ കർഷകർ ആശങ്കയിലാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുൻകരുതലെന്ന നിലയ്‌ക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് തൊഴിലുറപ്പ് ജോലികളിൽ ഉൾപ്പെടുത്തിയുള്ള കൃഷിപ്പണികളെല്ലാം നിർത്തിവച്ചതും കൃഷിയുടെ വിവിധ ഘട്ടങ്ങളിലുള്ള ജോലികൾക്ക് തടസ്സമായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top