19 September Thursday

കമ്പകക്കാനം കൂട്ടക്കൊല: കുറ്റപത്രം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
 
തൊടുപുഴ
വണ്ണപ്പുറത്തിനുസമീപം കമ്പകക്കാനത്ത‌് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ മുട്ടം ഒന്നാം ക്ലാസ‌് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതിയിൽ ചൊവ്വാഴ‌്ച കുറ്റപത്രം സമർപ്പിക്കും. തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണൻ(54), ഭാര്യ സുശീല(50), മക്കളായ ആർഷ(21), അർജുൻ(17) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ‌് കുറ്റപത്രം. 
കഴിഞ്ഞ വർഷം ജൂലൈ 29ന‌് അർധരാത്രിയിലായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം. രണ്ടുദിവസത്തിനുശേഷം ആഗസ‌്ത‌് ഒന്നിനാണ‌് കൊലപാതക വിവരം പുറത്തറിഞ്ഞത‌്. അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, തൊടുപുഴ കീരികോട് സാലി ഭവനിൽ ലിബീഷ് ബാബു, തൊടുപുഴ ആനക്കൂട് ചാത്തൻകൂട് ഇലവുങ്കൽ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരാണ് പ്രതികൾ. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. 
മന്ത്രവാദിയായിരുന്ന കൃഷ‌്ണനെയും കുടുംബത്തെയും അനീഷും ലിബീഷ‌് ബാബുവും ചേർന്ന‌് തലയ‌്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ‌് കേസ‌്. മറ്റു പ്രതികൾ മൃതദേഹം മറവു ചെയ്യാൻ സഹായിച്ചു.  കൃഷ‌്ണന്റെയും കുടുംബാംഗങ്ങളെയും മൃതദേഹങ്ങൾ വീടിനുപിന്നിലെ ചാണക കുഴിയിൽ മറവ‌ുചെയ‌്ത നിലയിലായിരുന്നു. കൃഷ‌്ണനെ വകവരുത്തുന്നതിലൂടെ മന്ത്രവാദരഹസ്യങ്ങൾ കൈക്കലാക്കാമെന്നും പ്രതികൾ വിശ്വാസിച്ചിരുന്നു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവും ശാസ്ത്രീയ പരിശോധനകളുമാണ‌് പ്രതികളെ പിടികൂടാൻ സഹായിച്ചത‌്. ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. ആദ്യ മൂന്നു പ്രതികൾ ഗൂഢാലോചനയിലും പങ്കാളികളാണ‌്. കേസിൽ നൂറോളം സാക്ഷികളെയും ഹാജരാക്കും.
തൊടുപുഴ ഡിവൈഎസ‌്‌പി കെ പി ജോസ്, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ‌്‌പി ആന്റണി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
 

 

പ്രധാന വാർത്തകൾ
 Top