14 December Saturday

പോപ‌്സ‌് എസ‌്റ്റേറ്റ‌് ഓഫീസുകളിലേക്ക‌് പിടിടി യൂണിയൻ മാർച്ച‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

 

വണ്ടിപ്പെരിയാർ

വിവിധ ആവശ്യങ്ങളുന്നയിച്ച‌് പീരുമേട‌് തോട്ടം തൊഴിലാളി യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ പോപ‌്സ‌് എസ‌്റ്റേറ്റ‌് ഓഫീസുകളിലേക്ക‌് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. തോട്ടം തൊഴിലാളികളുടെ ശമ്പളം നേരിട്ട‌് മസ‌്റ്റർ ഓഫീസുകൾ വഴി വിതരണം ചെയ്യുക, തോട്ടം തൊഴിലാളികൾക്ക‌് വീട‌് വയ‌്ക്കുന്നതിനായി മാനേജ‌്മെന്റുകൾ ഭൂമി വിട്ടുനൽകുക, തൊഴിലാളികളുടെ ഗ്രാറ്റ‌ുവിറ്റി കുടിശ്ശിക ഉടൻ നൽകുക, വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ആൾ പതിവ‌് ഉടൻ നടത്തുക, തൊഴിലാളി സഹകരണ സംഘങ്ങളിൽനിന്ന‌് തൊഴിലാളികൾ എടുത്ത വായ‌്പയുടെ ഗഡുക്കൾ മാനേജ‌്മെന്റുകൾ ശമ്പളത്തിൽനിന്ന‌് പിരിച്ചെടുത്തശേഷം കൈവശംവച്ചിരിക്കുന്ന തുക ബന്ധപ്പെട്ട ബാങ്കുകളിൽ ഉടൻ അടയ്ക്കുക, തൊഴിലാളി ലയങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു തൊഴിലാളികൾ മാർച്ചും ധർണയും നടത്തിയത‌്.

അരണക്കൽ എസ‌്റ്റേറ്റ‌് ഓഫീസ‌് പടിക്കലേക്ക‌് നടന്ന തൊഴിലാളി മാർച്ച‌് സിഐടിയു സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കെ കെ ജയചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. മഞ്ചുമല ഓഫീസ‌് പടിക്കൽ സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ‌് മോഹനൻ, ഇഞ്ചിക്കാട‌് സിഐടിയു ജില്ലാ പ്രസിഡന്റ‌് പി എസ‌് രാജൻ, ഗ്ലെൻമേരിയിൽ പിടിടി യൂണിയൻ പ്രസിഡന്റ‌് ആർ തിലകൻ, വാളാഡി, മൂങ്കലാർ എന്നിവിടങ്ങളിൽ നടന്ന സമരം സിഐടിയു ജില്ലാ വൈസ‌് പ്രസിഡന്റ‌് ജി വിജയാനന്ദ‌്, കരടിക്കുഴി, ഗ്രാമ്പി എന്നിവിടങ്ങളിൽ പിടിടി യൂണിയൻ ജനറൽ സെക്രട്ടറി എം തങ്കദുര എന്നിവർ സമരം ഉദ‌്ഘാടനം ചെയ‌്തു.

സിഐടിയു ഏരിയ പ്രസിഡന്റ‌് പി എ ജേക്കബ‌് പാമ്പനാർ, പിടിടി യൂണിയൻ സെക്രട്ടറി എം കെ മോഹനൻ പെരിയാർ കോണിമോറ എസ‌്റ്റേറ്റിലും സെക്രട്ടറി കെ എം ഉഷ ചുരക്കുളം എസ‌്റ്റേറ്റിലും സെക്രട്ടറി ജി പൊന്നമ്മ തേങ്ങാക്കല്ലിലും വൈസ‌് പ്രസിഡന്റ‌് എസ‌് രാജേന്ദ്രൻ തങ്കമലയിലും സെക്രട്ടറി സി ആർ സോമൻ ലൈഫ‌് ടൈമിലും സെക്രട്ടറി ശാന്തി ഹരിദാസ‌് പശുമലയിലും സമരം ഉദ‌്ഘാടനം ചെയ‌്തു. മഴയെ അവഗണിച്ചും ഓരോ തൊഴിലാളി കേന്ദ്രങ്ങളിലും സ‌്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന‌് തൊഴിലാളികൾ പങ്കെടുത്തു.

 

 

പ്രധാന വാർത്തകൾ
 Top