02 July Thursday

പരിസ്ഥിതി വാരാഘോഷവുമായി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

 

ഇടുക്കി
എസ്എഫ്ഐയുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാഘോഷത്തിന്റെ ജില്ലാതല പ്രവർത്തനങ്ങൾക്ക് തൊടുപുഴയിൽ തുടക്കംകുറിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി തൊടുപുഴ വെങ്ങല്ലൂരിലെ മുനിസിപ്പൽ യുപി സ്കൂളിൽ വൃക്ഷത്തൈ നട്ടു. മഴക്കുഴി നിർമാണം, പരിസര ശുചീകരണം, കൃഷി, വൃക്ഷതൈ നടീൽ തുടങ്ങി ഒരു വാരം നീണ്ടുനിൽക്കുന്ന പരിപാടികളിൽ എസ്എഫ്ഐ പ്രവർത്തകർ ഭാഗമാകുമെന്ന് ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചൻ പറഞ്ഞു.
രാജകുമാരി പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മുതുവാക്കുടി ആദിവാസി കോളനിയിൽ ദിനാചരണം നടന്നു. നാലായിരത്തോളം വൃക്ഷത്തൈ നട്ടുപരിപാലിക്കുന്ന പഞ്ചായത്ത്തല പദ്ധതിക്കും തുടക്കംകുറിച്ചു. ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാജകുമാരിയിൽ പ്രാഥമികാരോഗ്യ കേന്ദ്ര ശുചീകരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിൽ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കമായി. കഞ്ഞിക്കുഴി ഗവ. ഹൈസ്‌കൂൾ, നങ്കിസിറ്റി എസ്എൻ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ എസ്‌പിസി യൂണിറ്റും  ഹരിതകേരളം മിഷനും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. 
സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി വി മത്തായി അധ്യക്ഷനായി. ജോയിന്റ് രജിസ്ട്രാർ(ജനറൽ) എസ് ഷേർലി ഉദ്ഘാടനംചെയ്‌തു. പദ്ധതിയുടെ പീരുമേട് താലൂക്ക്തല ഉദ്ഘാടനം പീരുമേട് സർക്കിൾ സഹകരണ യൂണിയൻ വളപ്പിൽ നടന്നു. പീരുമേട് താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്  ആർ തിലകൻ പങ്കെടുത്തു. 
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധസസ്യ പ്രദർശനവും വൃക്ഷത്തെ വിതരണവും സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ്‌ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരൻമാരും സാംസ്‌കാരിക സ്ഥാപനങ്ങളും ദിനാചരണം നടത്തി.  
കുളമാവ് വലിയമാവ് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ‘ദലമർമ്മരം' എന്ന മാഗസിൻ പുറത്തിറക്കി. തൊടുപുഴ കാർഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. മൂന്നാർ ഇക്കാനഗറിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ കെ വിജയൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ദേവികുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആർഡിഒ ഓഫീസ്, താലൂക്ക് ഓഫീസ്, കോടതി വളപ്പ്, പൊലീസ് സ്റ്റേഷൻ, ശ്രീമൂലം ക്ലബ് തുടങ്ങിയ സ്ഥലങ്ങളിൽ വൃക്ഷതൈ നട്ടു. മൂന്നാർ എൻവയൺമെൻ്റ് ആൻഡ്‌‌ വൈൽഡ് ലൈഫ് സൊസൈറ്റി(മ്യൂസ്) നല്ലതണ്ണി കോൺവെന്റ്‌ പരിസരത്ത് വൃക്ഷതൈ നട്ടു. മൈ മൂന്നാർ മൂവ്മെന്റ്‌‌, മൂന്നാർ ബ്യൂട്ടിഫിക്കേഷൻ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലും വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും വൃക്ഷത്തൈ നട്ടു. തേക്കടി റോട്ടറി ക്ലബ് അമരാവതി ഗവണ്മെന്റ് സ്കൂളിൽ വൃക്ഷതൈകൾ നട്ടു.  ഗ്രീൻവാലി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പരിസ്ഥിതി ദിനാചരണം മന്ത്രി എം എം മണി ഫലവൃക്ഷത്തൈ നട്ട്‌ ഉദ്ഘാടനം ചെയ്‌തു. ജനാധിപത്യ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രസ‌് ക്ലബ്‌ ഹാളിൽ ഫലവൃക്ഷ തൈ വിതരണം നടത്തി. 
പ്രധാന വാർത്തകൾ
 Top