26 May Tuesday

ഹോർട്ടികോർപ് സ്‌ട്രോബറി സംഭരിച്ചു തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
 മൂന്നാർ
കർഷകർക്ക് ആശ്വാസമായി ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സ്‌ട്രോബറി സംഭരിച്ചു തുടങ്ങി. ആദ്യദിനം വട്ടവട മേഖലയിലെ അഞ്ചോളം കർഷകരിൽനിന്ന്‌ 100 കിലോ സ്‌ട്രോബറിയാണ് ഹോർട്ടികോർപ്‌ സംഭരിച്ചത്. കിലോയ്ക്ക് 175 രൂപ നിരക്കിൽ വട്ടവട കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ജോബി, ഹോർട്ടികോർപ്‌ മൂന്നാർ അസിസ്റ്റന്റ് മാനേജർ ആർ ജിജോ, ബി പി സിജു എന്നിവരുടെ നേതൃത്തിലാണ് സംഭരണം. വട്ടവടയിൽ പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പിന്റെ സബ്‌സെന്ററിൽ കർഷകർ നേരിട്ടെത്തിയാണ് സ്‌ട്രോബറി കൈമാറുന്നത്. തുടർന്നുള്ള എല്ലാ ദിവസവും സ്‌ട്രോബറി സംഭരിക്കാനാണ് ഹോർട്ടികോർപ്പിന്റെ തീരുമാനം.
 എഴുപത്തഞ്ചോളം കർഷകരാണ് വട്ടവട മേഖലയിലുള്ളത്. വട്ടവടയ്‌ക്ക് പുറമെ മൂന്നാർ, കാന്തല്ലൂർ മേഖലകളിലും സ്‌ട്രോബറി കൃഷി ചെയ്യുന്നു. ഹോർട്ടികോർപ്പിന്റെ പരിധിയിൽ രണ്ടര ഏക്കറോളം പ്രദേശത്ത് മൂന്നാറിലും കൃഷി ചെയ്യുന്നുണ്ട്. വിവിധ ഇടങ്ങളിൽനിന്ന് സംഭരിക്കുന്ന സ്‌ട്രോബറി മൂന്നാറിലെ സ്‌ട്രോബറി പാർക്കിൽ എത്തിക്കും. മുമ്പ് വിവിധ ജില്ലകളിലേക്ക് സ്‌ട്രോബറി കയറ്റുമതി നടത്തിയിരുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ സ്‌ട്രോബറിയുടെ കയറ്റുമതി ബുദ്ധിമുട്ടാണെന്നും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അധികൃതർ അറിയിച്ചു.
പച്ചക്കറി സംഭരണത്തിനും ഹോർട്ടികോർപ്‌ കർഷകർക്ക് മികച്ച പിന്തുണയാണ് നൽകുന്നത്‌. കർഷകർക്ക് നഷ്ടംവരാത്ത രീതിയിൽ പഴങ്ങളും പച്ചക്കറികളും സംഭരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ മൂന്നാറിലെ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്‌. കർഷകരിൽനിന്ന്‌ ക്യാരറ്റ് സംഭരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ഹോർട്ടികോർപ് അധികൃതർ അറിയിച്ചു. 
പ്രധാന വാർത്തകൾ
 Top