28 May Thursday
എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി

ജില്ലയില്‍ 2.5 ലക്ഷം കിറ്റുകള്‍ വിതരണംചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
തൊടുപുഴ
ലോക്ക്‌ ഡൗൺ കാലം ഇനി നാടിനും വീടിനും ഫലപ്രദമായി പ്രയോജനപ്പെടുത്താം. എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി കൃഷി തുടങ്ങാൻ ക്രമീകരണമായി. പത്തുരൂപ വിലയുള്ള 2.5 ലക്ഷം വിത്ത് പായ്ക്കറ്റുകളാണ് ജില്ലയിൽ സൗജന്യമായി വിതരണംചെയ്യുക. ഏതാനും ദിവസത്തിനുള്ളിൽ എല്ലാ കൃഷിഭവനുകളിലും വിത്ത് കിറ്റുകൾ എത്തിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു ടി ജോർജ് അറിയിച്ചു. 
മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് ഹരിതകേരളം മിഷൻ, കൃഷി വകുപ്പ്, വെജിറ്റബിൾ ആൻഡ്‌ ഫുഡ് പ്രൊമോഷൻ കൗൺസിൽ(വിഎഫ്പിസികെ), കുടുംബശ്രീ എന്നിവ സംയുക്തമായാണ് ഗാർഹിക പച്ചക്കറി കൃഷി നടപ്പാക്കുന്നത‌്. കൃഷിവകുപ്പിന്റെ ഫാമുകളിൽനിന്നും വിഎഫ്പിസികെയുമാണ് തൈകളും വിത്തുകളും എത്തിക്കുന്നത്. കൃഷിഭവനിലെത്തിക്കുന്ന വിത്ത് കിറ്റുകൾ വാർഡംഗങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ മുഖേനയാകും വിതരണം. ചീര, പയർ, പാവൽ, വെണ്ട, വഴുതന തുടങ്ങിയവ അടങ്ങിയ വിത്ത് കിറ്റുകളാണ് വിതരണത്തിന് സജ്ജമാക്കുന്നത്. 
എല്ലാ വീടുകളിലും കിറ്റുകൾ എത്തിയെന്ന് ഉറപ്പാക്കുന്ന ചുമതല കലക്ടർ ഹരിതകേരളം മിഷനെ ഏൽപ്പിച്ചു. ലോക്ക് ഡൗൺ കാലയളവിൽത്തന്നെ ഈ കൃഷി നടപ്പാക്കാൻ കഴിഞ്ഞാൽ അതു വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. കുടുംബശ്രീ സംഘടനാ സംവിധാനത്തിനൊപ്പം ആശാ വർക്കർമാരുടെയും ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൺമാരുടെയും സഹായം തേടാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
 സന്നദ്ധസംഘടനകൾ, റസിഡൻസ്‌ അസോസിയേഷനുകൾ, സന്നദ്ധം വളണ്ടിയർമാർ, ആഗ്രോ സർവീസ് സെന്ററുകൾ, കാർഷിക കർമസേന, എക്കോ ഷോപ്പുകൾ തുടങ്ങിയവരുടെയെല്ലാം സേവനം പ്രയോജനപ്പെടുത്തും. എല്ലാ വീടുകളിലും വിഷമില്ലാത്ത, പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വീടുകളിലും വിത്ത് കിറ്റുകൾ എത്തിക്കുന്നത് ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിന്റെ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജി എസ് മധു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു ടി ജോർജ് എന്നിവർ ഓർമിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top