05 December Thursday
നഷ്‍ടപരിഹാര വിതരണം അവസാനഘട്ടത്തില്‍

ഉരുക്കളെ നഷ്‍ടമായ 
കർഷകരെ ചേർത്തുപിടിച്ച്

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2024
 
തൊടുപുഴ
രോഗബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം ഉരുക്കളെ നഷ്‍ടമായ കർഷകരെ ചേർത്തുപിടിച്ച് മൃഗസംരക്ഷണ വകുപ്പ്. ജില്ലയിൽ നഷ്ടപരിഹാര വിതരണം അവസാനഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു. ആഫ്രിക്കൻ പന്നിപ്പനി, ചർമമുഴ, കടുത്ത വേനൽ എന്നിവ കാരണം കർഷകർക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടായി. 
2022 ഒക്‍ടോബർ-, നവംബർ മാസങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് നൂറുകണക്കിന് പന്നികൾ ചത്തു. കരിമണ്ണൂർ, തൊടുപുഴ, കട്ടപ്പന, പെരുവന്താനം, വാഴത്തോപ്പ്, വെൺമണി, ഉപ്പുതറ, വണ്ടന്മേട്, കൊന്നത്തടി തുടങ്ങിയ സ്ഥലങ്ങളിലാണ് രോ​ഗം റിപ്പോർട്ട് ചെയ്‌‍തത്. 623 പന്നികളാണ് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്തത്. രോഗവ്യാപനം തടയാൻ 53 കർഷകരുടെ 1207 പന്നികളെ കൊന്നൊടുക്കി ശാസ്‍ത്രീയമായി മറവുചെയ്തു. ഇവർക്കായി കർഷകരുടെ 1,28,22,400 രൂപ നഷ്‍ടപരിഹാരമായി നൽകി. 4800 കിലോ തീറ്റയും നശിപ്പിച്ചിരുന്നു. ഇതിനും 1,05,600 രൂപ വിതരണംചെയ്‌തു. 
ജില്ലയിൽ 53 കർഷകരുടെ ഉരുക്കളാണ് ചർമമുഴ രോ​ഗം ബാധിച്ച് ചട്ടത്. ഇവർക്ക് സഹായമായി 1,46,400 രൂപ വിതരണം ചെയ്‍തിട്ടുണ്ട്. 26,35,000 രൂപ കൂടി നൽകാനുണ്ടെന്ന് അധികൃതർ പറഞ്ഞു. സങ്കരയിനങ്ങളിലും നാടൻ പശുക്കളിലും ഒരുപോലെ പടരുന്ന രോഗമാണ് ചർമമുഴ അഥവാ ലംപി സ്‌കിൻ ഡിസീസ്. ചർമമുഴകൾ കുറയ്‍ക്കാനും ഇവ പൊട്ടിയുണ്ടാകുന്ന വ്രണങ്ങൾ ഉണക്കാനും രണ്ടുമുതൽ നാലുവരെ ആഴ്‍ചയെടുക്കും. മരണനിരക്ക് കൂടുതലാണ്. പാലുൽപ്പാദനവും പ്രത്യുൽപ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയും. രാമക്കൽമേട്, കമ്പംമെട്ട്, വാഴവര, കൽത്തൊട്ടി, മുണ്ടിയെരുമ, വളകോട്, പാറത്തോട്, മുനിയറ തുടങ്ങി വിവിധയിടങ്ങളിൽ രോ​ഗം റിപ്പോർട്ട് ചെയ്‍തിരുന്നു. അടുത്തിടെയുണ്ടായ കടുത്ത വേനലിൽ നിരവധി പശുക്കളെ നഷ്‍ടമായി. 42 കർഷകർക്കായി 6,31,450 രൂപ വിതരണംചെയ‍്തു. 
 
പ്രതിരോധം ശക്‍തം
ജില്ലയിൽ പ്രതിരോധ പ്രവർത്തനം ശക്തമാണ്. നാലാംഘട്ട കുളമ്പുരോ​ഗ പ്രതിരോധ പ്രവർത്തനങ്ങളഉം ചർമമുഴ വാക്‍സിനേഷൻ ക്യാമ്പും ബ്രൂസെല്ല പ്രതിരോധ കുത്തിവയ്‍പ്പും പൂർത്തിയാക്കിയിട്ടുണ്ട്‌. ആടുവസന്ത പ്രതിരോധ കുത്തിവയ്‍പ്പ് ക്യാമ്പയിനും കഴിഞ്ഞമാസത്തോടെ ആരംഭിച്ചു.‌
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top