17 September Tuesday

ജനവിരുദ്ധ നിലപാടെടുത്ത നേതാക്കളെ എംപി വെള്ളപൂശുന്നു: കര്‍ഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
കട്ടപ്പന
സിഎച്ച്ആർ വിഷയത്തിൽ തുടക്കംമുതൽ കർഷകവിരുദ്ധ നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളെ വെള്ളപൂശാൻ ഡീൻ കുര്യാക്കോസ് എംപി വ്യാജപ്രചാരണം നടത്തുകയാണെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി. ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരുകൾ എക്കാലവും സ്വീകരിച്ചത് ജനപക്ഷ നിലപാടാണ് എന്നത് വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള യാഥാർഥ്യമാണ്. 1958ൽ ഇഎംഎസ് സർക്കാർ, സിഎച്ച്ആർ ഉൾപ്പെടുന്ന പ്രദേശം റവന്യുഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതിസംഘടന 2002ൽ സിഎച്ച്ആർ വിഷയത്തിൽ സുപ്രീംകോടതിയിൽ കേസ് ആരംഭിച്ചപ്പോൾ കേന്ദ്ര എംപവേർഡ് കമ്മിറ്റി പലതവണ പ്രതികരണം ആരാഞ്ഞെങ്കിലും അന്നത്തെ യുഡിഎഫ് സർക്കാർ തയാറായില്ല. ഇക്കാര്യം എംപവേർഡ് കമ്മിറ്റി കോടതിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. പിന്നീട് പലതവണ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടപ്പോഴും യുഡിഎഫ് സർക്കാർ മുഖംതിരിച്ചു. 
 2006 ഫെബ്രുവരി എട്ടിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ മന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും ആര്യാടൻ മുഹമ്മദും ഉൾപ്പെടുന്ന ഉപസമിതിയോഗം ചേർന്നു. ഏലമലപ്രദേശം ഉൾപ്പെടുന്ന 344 ചതുരശ്ര മൈൽ വനമാണെന്ന് തീരുമാനമെടുത്ത് സത്യവാങ്മൂലം നൽകാൻ തീരുമാനിച്ചെങ്കിലും എൽഡിഎഫിന്റെ ജനകീയ പ്രതിഷേധത്തിനൊടുവിൽ മന്ത്രിസഭയിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
പിന്നീടുവന്ന വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ എൽഡിഎഫ് സർക്കാർ പഠനം നടത്തി സിഎച്ച്ആർ വനത്തിന്റെ തുടർച്ചയല്ലെന്നും വേറിട്ടുനിൽക്കുന്ന പ്രദേശമാണെന്നും വ്യക്തമാക്കി. 1897 ആഗസ്ത് 24ലെ തിരുവിതാകൂർ രാജാവിന്റെ വിജ്ഞാപനത്തിലുള്ള 15,720 ഏക്കർ വനമായി നിലനിൽക്കുന്നുവെന്നും ഏലമലപ്രദേശം റവന്യുഭൂമിയാണെന്നും സ്ഥിരീകരിച്ചു. 1822 മുതലുള്ള ചരിത്രം, തിരുവിതാംകൂർ രാജാവ് മുതൽ വിവിധ സർക്കാരുകൾ നടത്തിയ നിയമ നിർമാണങ്ങൾ, രേഖകൾ തുടങ്ങിയവയുടെ പിൻബലത്തിൽ എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്യാൻ സത്യവാങ്മൂലം തയ്യാറാക്കി. കൂടുതൽ പഠനത്തിന് മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. മുൻമന്ത്രിമാരായ കെ പി രാജേന്ദ്രൻ, ബിനോയി വിശ്വം, പി കെ ഗുരുദാസൻ, എം വിജയകുമാർ എന്നിവർ ഉൾപ്പെടുന്ന സമിതി റിപ്പോർട്ട് അംഗീകരിച്ചു. 2007 നവംബർ 10ന് അന്നത്തെ ചീഫ് സെക്രട്ടറി പി ജെ തോമസ് സർക്കാരിനുവേണ്ടി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഏലമല പ്രദേശം വനമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2006ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വനംമന്ത്രിയായിരുന്ന എ സുജനപാൽ, എംഎൽഎമാരായ ജോണി നെല്ലൂർ, ടി എം ജേക്കബ് എന്നിവർക്ക് നൽകിയ മറുപടിയിൽ സിഎച്ച്ആർ വനമാണെന്ന് നിലപാടെടുത്തു. വി ഡി സതീശനും പി ടി തോമസും ഉൾപ്പെടെയുള്ള ഹരിത എംഎൽഎമാരെല്ലാം ജനവിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. ടി എം ജേക്കബ് അന്നത്തെ ഗവർണർ ആർ എൽ ഭാട്ടിയയ്ക്ക് 2005ൽ നൽകിയ നിവേദനത്തിൽ 344 ചതുരശ്ര മൈൽ(2,15,726 ഏക്കർ) വനമാണെന്ന് വാദിച്ചു. ഇവരുടെ വാദങ്ങൾ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ പരിസ്ഥിതി സംഘടന ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top