19 February Tuesday

ദുരിതബാധിതർക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കും‐ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന ആലോചനായോഗത്തിൽ മന്ത്രി എം എം മണി സംസാരിക്കുന്നു

ഇടുക്കി
പ്രകൃതി ദുരന്തത്തിൽപെട്ടവർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും ആർക്കും ആശങ്കവേണ്ടെന്നും മന്ത്രി എം എം മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന ആലോചനായോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർഹരായ മുഴുവൻ ആളുകൾക്കും ദുരിതാശ്വാസ സഹായം എത്തിക്കാൻ സർക്കാർ സംവിധാനം കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലയിലെ തകർന്ന റോഡുകളും കാർഷിക മേഖലകളും പുനരുദ്ധരിക്കുന്നതിന‌് കർമപദ്ധതികൾ നടപ്പാക്കും. കാർഷിക വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വിഷയങ്ങളിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുക, മണ്ണിടിച്ചിൽ തുടങ്ങിയ കാരണങ്ങളാൽ വീട് വാസയോഗ്യമല്ലാതായ ഓരോ കുടുംബത്തിനും ഒറ്റപ്രാവശ്യത്തെ ആശ്വാസ ധനസഹായമായിട്ടാണ് 10,000 രൂപ നൽകുന്നത്. ഇതിന് ക്യാമ്പിൽ കഴിയണമെന്നില്ല. പൂർണമായും തകർന്നതോ പൂർണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഇതിനുപുറമെ മൂന്ന‌് മുതൽ അഞ്ച‌ുവരെ സെന്റ് സ്ഥലം വാങ്ങുന്നതിനായി പരമാവധി ആറ‌് ലക്ഷം രൂപയും നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങൾക്ക് സ്വമേധയാ സംഭാവനകൾ നൽകുന്നതിന് കലക്ടറേറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും സൗകര്യമേർപ്പെടുത്തുമെന്ന് കലക്ടർ കെ ജീവൻ ബാബു അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈൻ പോർട്ടൽ മുഖേനയും സംഭാവനകൾ നൽകാം. ഈ ഓഫീസുകളിൽ ലഭിക്കുന്ന സംഭാവനകൾ നൽകുന്നവർക്ക് ടിആർ അഞ്ച‌് രസീത് നൽകുന്നതിനും ബന്ധപ്പെട്ട ഓഫീസുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട‌്. ഡിമാൻഡ് ഡ്രാഫ‌്റ്റും ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും.
തകർന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ കണക്കെടുപ്പ് പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളുടെ സഹകരണത്തോടെ നടത്തണമെന്ന് ജോയ്‌സ് ജോർജ് എംപി പറഞ്ഞു. വിദ്യാഭ്യാസ, കാർഷിക, വായ്പകളുടെ വിഷയങ്ങളിൽ ബാങ്കുകളുടെ സമീപനം മാറണമെന്ന് എംപി ആവശ്യപ്പെട്ടു. കാർഷിക മേഖലയെ ജീവനോപാധിയാക്കിയിട്ടുള്ള ചെറുകിട നാമമാത്ര കർഷകരുടെ വായ്പകൾക്ക് പലിശയിളവ് ലഭ്യമാക്കണമെന്ന‌്  റോഷി അഗസ്റ്റിൻ എംഎൽഎയും പിഎംജി റോഡുകളും പഞ്ചായത്ത് റോഡുകളും നന്നാക്കാൻ അടിയന്തര നടപടിയുണ്ടാക്കണമെന്ന് എസ‌് രാജേന്ദ്രൻ എംഎൽഎയും ആവശ്യപ്പെട്ടു. 
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ‌്ട്രീയ നേതാക്കളുമായ  രാജൻ ഖോബ്രഗഡേ, വി ആർ  പ്രേംകുമാർ, കൊച്ചുത്രേസ്യ പൗലോസ്, മാത്യു ജോൺ, ആഗസ്തി അഴകത്ത്, ലിസിയമ്മ ജോസ്, എ എൽ ബാബു, ആൻസി തോമസ്, ഡോളി ജോസ്, എലിക്കുട്ടി മാണി, ഷൈനി അഗസ്റ്റിൻ, ഷീബ രാജശേഖരൻ, കുട്ടിയമ്മ മൈക്കിൾ, സുലേഖ ടി എസ്, ശാന്തി ഹരിദാസ്, കെ സത്യൻ, ഷീബ സുരേഷ്, ഷീബ ജയൻ, ലിസി ജോസഫ്, ബിന്ദു സജീവ്, സി വി വർഗീസ്, കെ കെ ശിവരാമൻ, ബിനു ജെ കൈമൾ, അനിൽ കൂവപ്ലാക്കൻ, എം ജെ ജേക്കബ്, ജോർജ് ജോസഫ് പടവൻ എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top