23 February Saturday

ഇഎസ്എ വിസ്തൃതി കുറയ്‌ക്കാൻ കൂട്ടായ പരിശ്രമംവേണം: ജോയ്സ് ജോർജ‌് എംപി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 

ചെറുതോണി
ഇഎസ്എ വിസ്തൃതി കുറച്ച് കേന്ദ്ര അനുമതി നേടിയെടുക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് ജോയ്സ് ജോർജ‌് എംപി ചെറുതോണിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2018 ഏപ്രിൽ 11 നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽതന്നെ കേരളത്തിന്റെ പുതുക്കിയ ശുപാർശകൾ അംഗീകരിച്ചതായി സൂചന ലഭിച്ചിരുന്നു. 
വനത്തിൽ മാത്രമായി ഇഎസ്എ നിജപ്പെടുത്തി കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽനിന്നും ഒഴിവാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്. കേരളത്തിന്റെ ഇഎസ്എ 8656.46 ചതുരശ്ര കിലോ മീറ്റർ മാത്രമായി നിജപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഇതുപ്രകാരം 92 വില്ലേജുകളിലെ വനഭൂമി മാത്രമാണ് ഇഎസ്എ ആയി കണക്കാക്കിയത്. പ്രശ്ന പരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുമ്പോൾ സ്വാർഥ താൽപര്യക്കാരായ ചില നേതാക്കൾ ദേശീയ ഹരിത ട്രിബ്യൂണലിൽ കേസ‌് എത്തിച്ച് ജനകൾക്കനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യതയെ അട്ടിമറിക്കാനാണ് നോക്കുന്നത്. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതിയെന്ന സ്വാഭാവക്കാരാണ് ഇത്തരക്കാർ. കൃഷിയിടങ്ങൾ പരമാവധി കുറച്ച് ഇഎസ്എ യുടെ അളവ് കുറച്ചാൽ യുഡിഎഫിന് രാഷ്ട്രീയ ക്ഷീണമുണ്ടാകുമെന്ന ധാരണയിൽ അതിനെ എതിർക്കുന്നത് തികഞ്ഞ അൽപ്പത്തമാണ്. 
 ഇടുക്കിയിൽ ഉണ്ടായത് പ്രളയദുരന്തമല്ല പ്രകൃതി ദുരന്തമാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങളും മാറ്റങ്ങളും ലോകാരംഭം മുതൽ ഉള്ളതാണ്. കേരളത്തിൽ നൂറുകണക്കിനാളുകൾ പ്രളയ ദുരന്തത്തിൽപ്പെട്ട് മരിച്ചുവീണ ദിവസം ഏറ്റവും കൂടുതൽ മഴ പെയ്ത ആഗസ‌്ത‌് 16 ന് ശവംതീനി കഴുകനെപ്പോലെ മാധവ് ഗാഡ്ഗിൽ മുംബൈയിൽനിന്നും തിരുവനന്തപുരത്ത് പറന്നിറങ്ങി പ്രകൃതി ദുരന്തത്തെ മറയാക്കി കാത്തിരുന്ന ദിവസം വന്നു ചേർന്നതുപോലെ നടത്തിയ പ്രസ്താവനകൾ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. 
ശത്രുക്കൾപോലും മരണവീട്ടിൽ നിശബ്ദത പാലിക്കുമെന്നിരിക്കെ കേരളത്തിൽ 300 ഓളം പേർ മരിച്ചത് തന്റെ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന മണ്ടത്തരം കേരളം മുഴുവൻ നടന്ന് പ്രചരിപ്പിക്കുകയായിരുന്നു ഗാഡ്ഗിലും ചില കപട പരിസ്ഥിതിവാദികളും. ഒരു വശത്ത് കോൺഗ്രസ‌് നേതാക്കൾ ഗാഡ‌്ഗിലിനെയുംകൊണ്ട് കേരളം മുഴുവൻ ചുറ്റിക്കറങ്ങി സെമിനാറുകൾ നടത്തുന്നു. മറുവശത്ത് ചിലർ പാറമട ഉടമകളെയും കൊണ്ട് ഗ്രീൻ ട്രിബ്യൂണൽ കയറിയിറങ്ങുന്നു. ലോക പൈതൃകപദവി നേടിക്കൊടുത്തുകൊണ്ട് അതിലൂടെ ലാഭം കൊയ്യാൻ ശ്രമിച്ചവർ ഏതെല്ലാം നിലയിൽ പരിശ്രമിച്ചാലും വസ്തുതൾ മനസ്സിലാക്കാനും പഠിക്കാനുമുള്ള മലയോരജനതയുടെ ഇച്ഛാശക്തിയെ നിർജീവമാക്കാൻ കഴിയില്ലെന്നും എംപി പറഞ്ഞു.
  ചർച്ചകളിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും ഈ വിഷയം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ അനാവശ്യ വിവാദങ്ങളുണ്ടാക്കി പട്ടയവിതരണം തടസ്സപ്പെടുത്താൻ ശ്രമിച്ചതുപോലെ ഇഎസ്എ വിഷയവും തടസ്സപ്പെടുത്തി കൃഷിക്കാരെയും സാധാരണക്കാരെയും ഉപദ്രവിക്കാനാണ് നീക്കം. ഇതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്നും എംപി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top