03 August Monday
കർശന നിയന്ത്രണം

രണ്ടാഴ്‌ചയ്‌ക്കു ശേഷം കട്ടപ്പന ചന്ത തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കിയതോടെ ശനിയാഴ്ച പ്രവർത്തനം ആരംഭിച്ച കട്ടപ്പന ചന്ത

 

 
  കട്ടപ്പന
പഴവർഗ മൊത്തവിപണന കേന്ദ്രത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച കട്ടപ്പന പൊതുചന്ത തുറന്നു. രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കടുത്ത നിയന്ത്രണങ്ങളോടെ ചന്ത തുറന്നത്‌. ജൂൺ 20നാണ്‌ പച്ചക്കറി, -മീൻ ചന്തകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തിയത്. രോഗബാധിതന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ചന്തയിലെ ആർക്കും രോഗം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ശനിയാഴ്‌ചയാണ്‌ ജില്ലാഭരണം ചന്ത തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്. 
  എന്നാൽ, കർശന നിയന്ത്രണങ്ങളാണ് ജില്ലാഭരണവും നഗരസഭയും ഏർപ്പെടുത്തിയിരിക്കുന്നത്. വഴിയിലേക്ക് ഇറക്കിവച്ചുള്ള കച്ചവടം അനുവദിക്കില്ല. പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന ഇടങ്ങൾക്കുള്ളിൽ മാത്രമായിരിക്കും അനുമതി. ചന്തയ്‌ക്കുള്ളിലേക്ക്‌ അനാവശ്യമായി വാഹനങ്ങൾ കയറുന്നതിനും അനുവദിക്കില്ല. ഇതിനായി വൺ വേ സംവിധാനവും ഏർപ്പെടുത്തി. പച്ചക്കറി ചന്തയിൽ എത്തുന്ന വാഹനങ്ങൾക്ക്‌ കെഎസ്ഇബി ജങ്‌ഷൻ ഭാഗത്തുനിന്നും മത്സ്യ– -മാംസ ചന്തയിലേക്ക്‌ പോകേണ്ടവർക്ക് സെൻട്രൽ ജങ്ഷനിൽനിന്നുമാണ് പ്രവേശനം. 
 വാഹനങ്ങൾ 20 മിനുറ്റിലധികം നിർത്തിയിടാനും അനുവദിക്കില്ല. വ്യാപാരികളുടെ വാഹനങ്ങൾ ചന്തയ്‌ക്കുള്ളിൽ പാർക്ക്‌ ചെയ്യുന്നതിനും നിയന്ത്രമുണ്ട്. ഇതരസംസ്ഥാനത്തുനിന്ന്‌ ചരക്കുമായി എത്തുന്ന വാഹനങ്ങൾക്ക് രാവിലെ ഒമ്പതുമുതൽ വൈകിട്ട് ഏഴുവരെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. കടകളിലെ തിരക്ക് നിയന്ത്രിക്കണമെന്നും തൊഴിലാളികൾ മാസ്‌കും ഗ്ലൗസുകളും ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. തമിഴ്നാട്ടിൽനിന്ന്‌ പച്ചക്കറി, -പഴവർഗങ്ങൾ കൊണ്ടുവരാൻ പോകുന്നവർ നിർബന്ധമായും ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കണമെന്നും നഗരസഭ വ്യക്തമാക്കി.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top