03 June Wednesday
അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുത‌്

തൊടുപുഴ നഗരസഭയിലും ഇടവെട്ടിയിലും അതീവജാഗ്രത

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

കോവിഡ്‌ 19 ബാധിച്ച തൊടുപുഴ കുമ്മംകല്ല് സ്വദേശിയുടെ വീടും പരിസരവും തൊടുപുഴ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു

 

 
തൊടുപുഴ
കോവിഡ‌് 19 വൈറസിനെതിരെ തൊടുപുഴ നഗരസഭയും സമീപ പഞ്ചായത്തായ ഇടവെട്ടിയും അതീവജാഗ്രതയിൽ. നിസാമുദ്ദീനിലെ തബ്‌ലീഗ്‌ സമ്മേളനത്തിൽ പങ്കെടുത്ത‌് മടങ്ങിയ തൊടുപുഴ കുമ്മംകല്ല് സ്വദേശിക്ക‌് രോഗം സ്ഥിരീകരിച്ചതോടെയാണ‌് ജാഗ്രത ശക്തമാക്കിയത‌്. ഇയാളുമായി ബന്ധപ്പെട്ടവർ കഴിയുന്ന വീടുകളും  പരിസരവും പൊലീസ‌ിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിരീക്ഷണത്തിലാണ‌്. 
 ശനിയാഴ്ച മുതൽ 14 ദിവസത്തേക്കാണ് പൊലീസ‌് അതീവജാഗ്രത പുറപ്പെടുവിച്ചത‌്. പൊലീസും ആരോഗ്യവകുപ്പും പരിശോധന തുടരുകയാണ‌്. ബോധവൽക്കരണവും നൽകുന്നു. നഗരസഭാ, പഞ്ചായത്ത‌് പ്രദേശങ്ങളിൽ ഇടവേളകളിൽ അനൗൺസ‌്മെന്റുമുണ്ട‌്. ആശുപത്രിയിൽ പോകാനും റേഷൻ അടക്കമുള്ള അവശ്യസാധനങ്ങൾ വാങ്ങാനും ഈ പ്രദേശത്തുള്ള കുടുംബങ്ങളിൽ ഒരാളെ മാത്രം പുറത്തിറങ്ങാൻ അനുവദിക്കും. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ സൂചിപ്പിച്ചു. 
 വ്യാപാരസ്ഥാപനങ്ങൾക്ക്‌ രാവിലെ ഏഴുമുതൽ അഞ്ചുവരെ പ്രവർത്തിക്കാം. ലംഘിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ‌് റദ്ദാക്കും. അനധികൃതമായി നിരത്തിലിറക്കുന്ന വാഹനം കസ്റ്റഡിയിലെടുക്കും. കൂട്ടം കൂടുകയോ ബന്ധുവീടുകളിലേക്ക് പോകാനോ വരാനോ പാടില്ല. അയൽവീടുകളുമായി അകലം പാലിക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാൻ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ്‌ സിബി ജോസ് പറഞ്ഞു. ഫയർഫോഴ്സ് ശനിയാഴ്ച പ്രദേശം അണുവിമുക്തമാക്കി. ജാഗ്രതാ നിർദേശത്തോട‌് ജനങ്ങൾ സഹകരിക്കണമെന്ന‌് പൊലീസും അഭ്യർഥിച്ചു. 
 
 
 
പ്രധാന വാർത്തകൾ
 Top