10 August Monday
ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവിറങ്ങി

തേയിലത്തോട്ടങ്ങൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 മൂന്നാർ 

രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം തോട്ടം മേഖല സജീവമായി. ബ്രേക്ക്‌ ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 24 മുതൽ തോട്ടങ്ങൾ അടച്ചിരുന്നു. ഇതോടെ തോട്ടം മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ തോട്ടം ഉടമകളും തൊഴിൽവകുപ്പും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്ലാന്റേഷൻ മേഖല തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്. നിബന്ധനകളോടെ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കണമെന്നാണ് വെള്ളിയാഴ്ച ലേബർ കമീഷണറുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. തേയിലത്തോട്ടത്തിൽ അകലം പാലിക്കണം, എസ്റ്റേറ്റുകളിൽ തൊഴിലാളികളെ കൂട്ടമായി നിർത്തി നിർദേശം കൊടുക്കുന്നത്‌ ഉൾപ്പെടെയുള്ള മസ്റ്ററിങ് ഒഴിവാക്കണം, കൊളുന്തിന്റെ തൂക്കം അളക്കുന്ന അവസരത്തിൽ തൊഴിലാളികൾ തമ്മിൽ എട്ടടി അകലം പാലിക്കണം തുടങ്ങിയവയാണ്‌ നിബന്ധനകൾ. നിലവിൽ ലയങ്ങളിൽ താമസിക്കുന്നവർക്ക് ജോലി നൽകാമെന്നും ഉത്തരവിൽ പറയുന്നു. ജലസേചനത്തിനും കീടനാശിനി തളിക്കുന്നതിനും തടസ്സമില്ല. 
ലോക്ക്‌ ഡൗൺ മൂലം കൊളുന്തെടുക്കാൻ കഴിയാതെ വന്നതോടെ കൊളുന്ത്‌ തഴച്ചുവളർന്നു. ഒരു തവണ കൊളുന്തെടുത്ത ശേഷം 18 മുതൽ 21 ദിവസത്തിനകം വീണ്ടും അതേസ്ഥലത്ത് കൊളുന്ത് എടുക്കണം. അല്ലാത്തപക്ഷം ആ കൊള്ളുന്ത് പ്രയോജനമില്ലാതായിത്തീരും. ആയിരക്കണക്കിന് ഹെക്ടറിലെ കൊളുന്ത്‌ പാഴാകുന്ന അവസ്ഥയ്ക്കാണ്‌ പരിഹാരമായത്‌. തേയില വ്യവസായം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തോട്ടം തുറന്നത് ഉടമകൾക്കും ആശ്വാസമേകും.  
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top