19 February Wednesday

ചെന്തമിഴിൻ ചേലിൽ പൂപ്പാടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

 ഇടുക്കി

മഹാമാരിയുടെ ദുരന്തങ്ങൾക്കിടയിൽ പുതിയ പ്രതീക്ഷകളുമായി വീണ്ടുമൊരു ഓണക്കാലം. അത്തം മുതൽ ഓണത്തപ്പനെ വരവേൽക്കാൻ പൂക്കളമൊരുക്കുന്ന തിരക്കിലായിരിക്കും മലയാളികൾ. എന്നാൽ, പൂവിന്‌ തമിഴ്‌നാടിനെ ആശ്രയിക്കണമെന്ന്‌ മാത്രം. തുമ്പപ്പൂവും കണ്ണാന്തളിയും മുക്കുറ്റിയും കാക്കപ്പൂവുമെല്ലാം മലയാളി മറന്നുതുടങ്ങിയ കാലംമുതൽ ഓണവും കാത്ത്‌ പാടങ്ങളിൽ വിവിധയിനം പൂക്കളുമായി തമിഴ്‌നാട്ടിലെ കർഷകർ കാത്തിരിക്കുകയാണ്‌; മണ്ണിലും വിണ്ണിലും മാരിവില്ലുകൾ തീർത്ത്‌ ജമന്തിയും മുല്ലയും അരളിയും ബന്തിയും റോസും വിളഞ്ഞുനിൽക്കുന്ന പാടങ്ങളുമായി. ശിലയാംപെട്ടി, തേനി, ഗൂഡല്ലൂർ, ആണ്ടിപ്പട്ടി, മണ്ഡലാംപെട്ടി എന്നിവിടങ്ങളിൽ ഏക്കർകണക്കിനാണ്‌ പൂകൃഷി. കമ്പത്തും തേനിയിലും എത്തുന്ന വിനോദസഞ്ചാരികൾക്ക്‌ പ്രിയപ്പെട്ട ഇടംകൂടിയാണ്‌ ഇവിടുത്തെ പൂന്തോട്ടങ്ങൾ. നിറച്ചാർത്തണിഞ്ഞ് പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പാടങ്ങൾ പകരുന്ന മനോഹാരിതയിലാണ് ചുട്ടുപൊള്ളുന്ന വേനലിലും തമിഴ്നാട്. 
വിലയിൽ താരമായി മുല്ല
ഓണപ്പൂക്കളത്തിൽ അധികം ഉപയോഗിക്കുന്നില്ലെങ്കിലും മുല്ലയാണ്‌ വിലയിൽ താരം. ഈ സീസൺ തുടങ്ങിയതിൽപിന്നെ കിലോയ്‌ക്ക്‌ 1500 രൂപ വരെ കിട്ടി. മഴ കുറഞ്ഞതോടെ മുല്ലപ്പൂ ഉൽപാദനം കുറഞ്ഞതാണ്‌ വില ഉയരാൻ കാരണമെന്ന്‌ തേനിയിലെ പൂവ്യവസായി മാരിമുത്തു പറഞ്ഞു. ചുവന്ന അരളിയും വെള്ള അരളിയും മിന്നും താരമാണ്‌. 300 രൂപയാണ്‌ നിലവിൽ വില. പിങ്ക്‌ അരളിക്ക്‌ 100 രൂപ മാത്രം. വെള്ള ജമന്തിക്ക്‌ 250 മുതൽ 300 രൂപ വരെയും മഞ്ഞ ജമന്തി 200 രൂപയുമായും പിന്നാലെയുണ്ട്‌.
എന്നാൽ, കേരളത്തിലേക്ക്‌ കൂടുതലായി എത്തുന്ന ബന്തിക്ക്‌ 40‐ 60 രൂപയും വാടാമല്ലിക്ക്‌ 40‐ 50 രൂപയുമാണ്‌ ശരാശരി വില. ഓണം അടുക്കുന്നതോടെ വില വീണ്ടും ഉയരും. അത്തം മുതലാണ്‌ വിലയിൽ കൂടുതൽ മാറ്റമുണ്ടാകുന്നത്‌. കർഷകരിൽനിന്ന്‌ ഇടനിലക്കാർ ശേഖരിക്കുന്ന പൂക്കൾ കമ്പം, തേനി എന്നിവിടങ്ങളിലെ വിപണിയിൽ എത്തിച്ചാണ്‌ വ്യാപാരം നടത്തുന്നത്‌. വ്യാപാരികളുടെ 10 ശതമാനം കമീഷനും ഇടനിലക്കാരുടെ ലാഭവും കഴിയുമ്പോഴേക്കും തുച്ഛമായ വില മാത്രമാണ്‌ തങ്ങൾക്ക്‌ ലഭിക്കുന്നതെന്ന്‌ ശിലയാംപെട്ടിയിലെ കർഷക ശെൽവം പറയുന്നു. ഓണം എത്തിയതോടെ കേരളത്തിലെ കലാലയങ്ങളിൽനിന്ന്‌ ഇടനിലക്കാരുമായി നൂറുകണക്കിന്‌ പേരാണ്‌ ദിവസവും ഇവിടുത്തെ മാർക്കറ്റുകളിൽ എത്തുന്നത്. ചെക്ക്‌പോസ്റ്റ്‌ കടന്ന്‌ കേരളത്തിലേക്ക്‌ എത്തുന്നതോടെ പൂക്കൾക്കെല്ലാം പൊന്നുംവിലയാണ്‌. യാത്രാക്കൂലിയും പൂവെല്ലാം  വിറ്റുതീരില്ലെന്ന മുൻകരുതലുമാണ്‌ വില കൂടാൻ കാരണമെന്നാണ്‌ കേരളത്തിലെ വ്യാപാരികൾ പറയുന്നത്‌.  
തിരിച്ചടിയായി മഹാപ്രളയം 
കഴിഞ്ഞ മഹാപ്രളയത്തിനുപിന്നാലെ ഓണാഘോഷങ്ങൾ താൽക്കാലികമായി വേണ്ടെന്നുവച്ചതോടെ തിരിച്ചടിയേറ്റത്‌ ഓണം മാത്രം പ്രതീക്ഷിച്ച്‌ കൃഷിയിറക്കിയ പൂകർഷകർക്കായിരുന്നു. തിരിച്ചടിയിൽനിന്ന്‌ അൽപമെങ്കിലും കരകയറാൻ പൂക്കളെല്ലാം പെർഫ്യൂം കമ്പനികൾക്ക്‌ നൽകുക മാത്രമായിരുന്നു കർഷകരുടെ മുന്നിലുള്ള മാർഗം. 
എന്നാൽ, ഇവിടെ നൽകുമ്പോൾ ചെലവിന്റെ പകുതി മാത്രമേ വില ലഭിക്കുകയുള്ളൂവെന്ന്‌ ആണ്ടിപ്പട്ടിയിലെ കർഷകർ ചിന്നസ്വാമി പറഞ്ഞു. കൃഷി ചെയ്‌തതിൽ പകുതി മാത്രമേ കമ്പനി സ്വീകരിച്ചുള്ളൂ. ഇതോടെ വൻ കടക്കെണിയിലേക്കാണ്‌ പല കർഷകരും എത്തിയത്‌. 
ഇതിൽനിന്ന്‌ കരകയറുമെന്ന പ്രതീക്ഷയോടെയാണ്‌ ഇത്തവണ കൃഷിയിറക്കിയത്‌. എന്നാൽ, കേരളത്തിൽ ഇത്തവണയും എത്തിയ ശക്തമായ മഴ ഓണവിപണിയിൽ തിരിച്ചടിയാകുമോയെന്ന ഭീതിയാണ്‌ കർഷകർക്ക്‌. കടുത്തവേനലിൽ പാടങ്ങൾ പൂത്തുനിൽക്കുമ്പോഴും ആശങ്കയുടെ കാർമേഘങ്ങൾ അവർക്ക്‌ മീതെയുണ്ട്‌.
പ്രധാന വാർത്തകൾ
 Top