22 September Tuesday

ഗാഡ്‌ഗിൽ കേസ്‌ സുപ്രീം കോടതിയിൽ മുകുൾ റോത്തഗി കേരളസർക്കാരിനായി ഹാജരാകും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

ചെറുതോണി
മലയോരജനതയുടെ ആശങ്കകളും ആവശ്യങ്ങളും നെഞ്ചോട് ചേർത്തുപിടിച്ച് മാധവ്‌ ഗാഡ്ഗിൽ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്. ഏഴിന് സുപ്രീംകോടതിയിൽ കേരള സർക്കാരിനുവേണ്ടി  മുൻ അറ്റോർണി ജനറലും  സുപ്രീംകോടതിയെ ഏറ്റവും സീനിയറായ അഭിഭാഷകനുമായ  മുകുൾ റോത്തഗി ഹാജരാകും. 
   ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷനും 24 പരിസ്ഥിതി സംഘടനകളും,  തമിഴ്നാട്ടിലെ നീലഗിരിയിൽ നിന്നുള്ള എം കാവ്യ എന്ന വിദ്യാർഥിനി  ഉൾപ്പെടെ എട്ട് സ്കൂൾ കുട്ടികളുംചേർന്നാണ്‌ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.  ചീഫ് ജസ്റ്റിസ്  എസ്  ആർ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്കേസ്‌  പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കസ്തൂരിരംഗൻ കമ്മിറ്റിയും ഉമ്മൻ വി ഉമ്മൻ സമിതിയും ശുപാർശ ചെയ്തിരുന്ന 123 വില്ലേജുകളിൽ 31 വില്ലേജുകളെ പരിസ്ഥിതി ലോലത്തിൽ നിന്ന്‌ പൂർണമായും ഒഴിവാക്കണം. ബാക്കി സംരക്ഷിത പ്രദേശം മാത്രം വരുന്ന 91 വില്ലേജുകളിൽ ജണ്ട ഇട്ടു വേർതിരിച്ച വനംമാത്രം പരിസ്ഥിതി ലോലപ്രദേശമാക്കി നിജപ്പെടുത്തണമെന്നാണ്‌ സംസ്ഥാന സർക്കാർ നിർദേശം. റിമോട്ട് സെൻസിംഗ് നടത്തി  ശാസ്ത്രീയ റിപ്പോർട്ടും  രേഖകളും സംസ്ഥാന സർക്കാർ 2018 ജൂൺ ആറിന് തന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നൽകി. റിപ്പോർട്ട്‌ അംഗീകരിക്കുകയും ഉന്നതതല സമിതിയെ നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പരിസ്ഥിതി മൗലികവാദികൾ സ്‌കൂൾ കുട്ടികളെയും കൂട്ടി ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്നത്.  
    ഹർജി നൽകാനും കേസ് നടത്താനും  സ്കൂൾ വിദ്യാർഥികൾക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന ചോദ്യവുമുയരുന്നുണ്ട്‌. വിദേശ ഫണ്ട് ലക്ഷ്യം വെച്ചാണ് പരിസ്ഥിതി മൗലിക വാദികളായ  സംഘടനകളുമായി ചേർന്ന്‌  കോൺഗ്രസുകാർ ഗാഡ്ഗിൽ റിപ്പോർട്ട് കൊണ്ടുവന്നതെന്ന  ആക്ഷേപം ശരിവയ്ക്കുന്നതാണിത്‌.പരിസ്ഥിതി  സംഘടനകൾക്ക്  വേണ്ടി ഹാജരാകുന്നത്  സുപ്രീംകോടതിയിലെ  തന്നെ  അഭിഭാഷകനായ രാജ് പർവാനിയാണ്‌. ഇടുക്കിയിലെ കർഷകർക്ക് പട്ടയം നൽകരുതെന്ന് ആവശ്യപ്പെട്ട് തിരുവാങ്കുളംനേച്ചർ ലവേഴ്സ് മൂവേമെന്റ്  സുപ്രീംകോടതിയിൽ നൽകിയ കേസ്,  ഏലമലക്കാടുകൾ റവന്യൂഭൂമിഅല്ലെന്നും  വനഭൂമി ആയി  പ്രഖ്യാപിക്കണമെന്നും  ആവശ്യപ്പെട്ട് വൺ ഏർത്തു ആൻഡ് വൺ ലൈഫ്  എന്ന  സംഘടന നൽകിയ കേസ് നടത്തിയതും രാജ് പർവാനിയായിരുന്നു. കാലങ്ങളോളം  നീണ്ട നിയമ യുദ്ധത്തിൽ  കേസുകൾ തോറ്റു കൊടുക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്  2009 ൽ  വിഎസ് സർക്കാർ സുപ്രീംകോടതിയിൽ അഭിഭാഷകൻ രാജേന്ദ്ര സച്ചാറാണ്‌ 25,000 ഹെക്ടർ സ്ഥലത്തിന് പട്ടയം നൽകാൻ  സുപ്രീംകോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയത്. കേസിൽ കക്ഷി ചേർന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് വേണ്ടി ഹാജരായത് എൻ  നാഗേശ്വര റാവു ആയിരുന്നു. നാഗേശ്വര റാവു ഇപ്പോൾ സുപ്രീം കോടതിയിൽ ജഡ്ജിയാണ് . പരിസ്ഥിതി കാർഷിക വിഷയങ്ങളിൽ ഏറെ അവഗാഹമുള്ള  മുകൾറോത്തഗിയെ ചുമതലപ്പെടുത്തി പിണറായി സർക്കാരിന് മലയോര ജനതയോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top