26 August Monday

കൗതുകമായി രുചിമേള

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
രാജാക്കാട് 
മാങ്ങയും മാങ്കോസ്റ്റിനും റംബുട്ടാനും തുടങ്ങി വിവിധതരം പഴവർഗങ്ങളാൽ നിറഞ്ഞ‌ സ‌്കൂൾ മുറ്റം നാട്ടുകാർക്ക‌ും വിദ്യാർഥികൾക്കും കൗതുകമായി. ലോക പഴവർഗദിനത്തോട് അനുബന്ധിച്ച‌് ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ‌് പഴം പച്ചക്കറി മേള സംഘടിപ്പിച്ചത‌്. സ്‌കൂളിലെ ഹോം സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം. സുലഭമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും മൂല്യവർധിത ഉൽപന്നങ്ങളുമാണ് മേളയെ ആകർഷണീയമാക്കിയത്.
പ്രാദേശിക പഴങ്ങളും പച്ചക്കറികളും പാഴാക്കാതെ ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് പകരാനും ഇവയുടെ ഉപയോഗ സംസ‌്കരണ രീതികൾ മനസ്സിലാക്കാനുമാണ‌് മേള സംഘടിപ്പിച്ചത‌്. വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നതും മേളയുടെ ലക്ഷ്യമായിരുന്നു. കുട്ടികൾതന്നെ ഒരുക്കിയ എട്ട് സ്റ്റാളുകളിലാണ് പ്രദർശനം നടന്നത്. ചക്ക, മാങ്ങ, പപ്പായ, പേരയ്ക്ക, മാങ്കോസ്റ്റിൻ, റംബുട്ടാൻ തുടങ്ങിയ പഴവർഗങ്ങൾക്ക് പുറമെ വിവിധയിനം പച്ചക്കറികളും ഒരുക്കിയിരുന്നു. ഇവയിൽനിന്നുള്ള ഉൽപന്നങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. ചക്കയിൽനിന്ന‌് ഹൽവ, ചക്കപ്പുഴുക്ക്, ചോക്ലേറ്റ് തുടങ്ങി എൺപതോളം വിഭവങ്ങളാണ് ഒരുക്കിയത്.
 
 
പ്രധാന വാർത്തകൾ
 Top