09 September Monday
അന്വേഷണം അവസാനഘട്ടത്തില്‍

കാഞ്ചിയാര്‍ കൊലപാതകം:
കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
കട്ടപ്പന
കാഞ്ചിയാറിൽ അധ്യാപികയെ ഭർത്താവ് കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം അന്വേഷക സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി(29) പ്രതിയായ കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മാർച്ച് 17ന് രാത്രിയാണ് ഭാര്യ പിജെ വൽസമ്മ(അനുമോൾ- 27) യെ കഴുത്തിൽ ഷാൾ കുരുക്കി ശ്വാസം മുട്ടിച്ച് ബിജേഷ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിൽ നിന്നും വൽസമ്മയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച വിരലടയാളങ്ങൾ, സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച രേഖകൾ, ഒളിവിൽ താമസിച്ച തമിഴ്നാട് തൃച്ചിയിലെയും കമ്പത്തെ ലോഡ്ജിലെയും സിസി ടിവി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട് തുടങ്ങിയയെല്ലാം ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം ശേഖരിച്ചിട്ടുണ്ട്.
കുടുംബവഴക്കിനെ തുടർന്ന് കട്ടപ്പന വനിതാസെല്ലിൽ പരാതി നൽകിയതും വാങ്ങിയ പണം തിരിച്ചുചോദിച്ചതുമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. മാർച്ച് 17ന് രാത്രി 9.30 ഓടെയാണ് വൽസമ്മയെ കൊലപ്പെടുത്തിയത്. അടുത്തദിവസം രാവിലെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു. തുടർന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് ഭാര്യ വീടുവിട്ടുപോയതായി അറിയിക്കുകയായിരുന്നു. നാല് ദിവസം മൃതദേഹം വീട്ടിൽ ഒളിപ്പിച്ച പ്രതി, 21ന് രാവിലെ കാഞ്ചിയാറിലെ സ്ഥാപനത്തിലെ യുവതിയുടെ ആഭരണങ്ങൾ പണയപ്പെടുത്തിയ പണവുമായി തമിഴ്നാട് കമ്പത്തേയ്ക്ക് മുങ്ങി. അതേദിവസം വൈകിട്ട് ബന്ധുക്കൾ പേഴുംകണ്ടത്തെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് വൽസമ്മയുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തോളം തമിഴ്നാട്ടിൽ വിവിധ സ്ഥലങ്ങളിൽ തങ്ങിയ ബിജേഷ് 26ന് വൈകിട്ട് തിരികെ കുമളിയിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ കമ്പത്തെ ലോഡ്ജ്, തൃച്ചിയിലെ വിവിധ സ്ഥലങ്ങൾ, കൽത്തൊട്ടിയിലെ പ്രതിയുടെ കുടുംബവീട് എന്നിവിടങ്ങളിലെല്ലാം പ്രതിയെ എത്തിച്ച് മാർച്ച് 31ന് തെളിവെടുപ്പ് പൂർത്തീകരിച്ചിരുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top