20 June Thursday

കുരുമുളക് കർഷകരുടെ ‌സ്വ‌പ്‌നങ്ങൾ തളിർത്തുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

വണ്ടൻമേട്

പുത്തൻ പ്രതീക്ഷയേകി കുരുമുളക് വള്ളികൾ തളിർത്തും തിരിയിട്ടും തുടങ്ങിയത് ഹൈറേഞ്ചിലെ കർഷകർക്ക‌് ആവേശമായി. കടുത്തവേനലിൽ കുരുമുളക‌് കൊടികൾ വാടിയിരുന്നു. തുടർന്ന‌് മഴ ലഭിച്ചതോടെ ഹൈറേഞ്ചിൽ മണ്ണിന്റെ മർമ്മമറിഞ്ഞ് കൃഷിയിറക്കുന്ന കർഷകർ ഉഷാറായി. 

ജൈവവളപ്രയോഗം തുടങ്ങിയതോടെ കുരുമുളക‌് കൊടികൾ വീണ്ടും തളിർത്ത്‌ ചരടിട്ടുതുടങ്ങി. കുരുമുളക് കൃഷി വ്യാപനത്തിനാവശ്യമായി നടക്കുന്ന പ്രത്യേക പദ്ധതിയിൽ സംസ്ഥാന സർക്കാർ ജില്ലയ‌്ക്ക് മുൻഗണന നൽകിയിട്ടുണ്ട‌്. കർഷകന്റെ മനസ്സുനിറച്ച് വിളവ‌് നൽകിയിരുന്ന കുരുമുളക് കൊടികളാണ‌് പ്രളയത്തിൽ നശിച്ചത‌്. രാജാക്കാട‌്, ഇരട്ടയാർ, നെടുങ്കണ്ടം, ഇടുക്കി, ഉപ്പുതോട‌്, കഞ്ഞിക്കുഴി പ്രദേശങ്ങളിൽ ലക്ഷകണക്കിന‌് രൂപയുടെ കൃഷിനാശമാണുണ്ടായത‌്. രോഗബാധകളും താപനിലയിലുണ്ടായ വർധനവും മൂലം കൃഷി നാശത്തിലേക്ക് കൂപ്പുകുത്തി. പ്രളയാനന്തരം കനത്ത ചൂടുകൂടിയായപ്പോൾ കേരളത്തിന്റെ കുരുമുളകുൽപാദനം മൂന്നിലൊന്നായി കുറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കുരുമുളക് ചെടികൾ പാടെ കരിഞ്ഞുണങ്ങി നശിച്ചതും കർഷകരെ പ്രതിസന്ധിയിലാക്കി. ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന കുരുമുളക് പ്രളയത്തിൽ ഒഴുകിപോയത് കുരുമുളകിന്റെ ലഭ്യതക്കുറവിനും കാരണമായി .

  കഴിഞ്ഞ സീസണിൽ കിലോ ഗ്രാമിന് 800 രൂപയോളമെത്തിയ കുരുമുളക് വില ഇപ്പോൾ കുത്തനെ ഇടിഞ്ഞ് 380ൽ എത്തി. പ്രളയത്തെ തുടർന്ന് 985 ഹെക്ടർ സ്ഥലത്തെ കുരുമുളക് കൃഷിയാണ് ഉണങ്ങി നശിച്ചത്. കുരുമുളക് കൃഷി 1200 ഹെക്ടറായി വർധിപ്പിക്കാൻ സംസ്ഥാനസർക്കാർ സഹായങ്ങ‌ളും നൽകി വരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം, മണ്ണിലെ ജൈവാംശം നഷ്ടപ്പെടൽ, അധിക രാസവള പ്രയോഗം, രോഗബാധ, അശാസ്ത്രീയ കൃഷിരീതി, ഗുണമേന്മയില്ലാത്ത നടീൽവസ്തുക്കളുടെ അഭാവം എന്നിവയാണ് കുരുമുളക‌് കൃഷിയെ തളർത്തുന്ന ഘടകങ്ങൾ. ശാസ്ത്രീയമായ മണ്ണ് പരിശോധനയും അവശ്യജൈവ വളപ്രയോഗം, ഫലപ്രദമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ മുന്നോട്ടുപോയാൽ വീണ്ടും കറുത്ത പൊന്നിന്റെ നേട്ടം ജില്ലയ‌്ക്കു സ്വന്തമാക്കാമെന്ന‌് വിദഗ‌്ധർ പറയുന്നു.

 

 

പ്രധാന വാർത്തകൾ
 Top