03 June Wednesday

കോവിഡ്‌ ഒഴിഞ്ഞ്‌ കോട്ടയം

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

ആശുപത്രി വിട്ടുപോകുന്ന ദമ്പതിമാരെ പരിചരിച്ച ആരോഗ്യ പ്രവർത്തകർ യാത്രയാക്കുന്നു

 കോട്ടയം

കോവിഡ്‌ 19 പടർന്നു പിടിച്ചപ്പോൾ ഏറ്റവും ആശങ്കപ്പെട്ട ജില്ലകളിലൊന്നായിരുന്നു കോട്ടയം. പടപൊരുതി ഒടുവിൽ ഇവിടുത്തെ അവസാന കോവിഡ്‌ രോഗിയും ആശുപത്രി വിട്ടു. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നേഴ്‌സാണ്‌ പരിശോധനാ ഫലം നെഗറ്റീവായതോടെ വെള്ളിയാഴ്‌ച ഡിസ്‌ചാർജ്‌ ആയത്‌. രോഗം ഭേദമായ റാന്നി സ്വദേശികളായ വയോധിക ദമ്പതികളും നാട്ടിലേക്ക്‌ മടങ്ങി. 
മെഡിക്കൽ കോളേജിലെ മികച്ച പരിചരണവും ലോക്ക്‌ ഡൗണിനോട്‌ ജനങ്ങളുടെ സഹകരണവുമാണ്‌ ജില്ലയിൽ കോവിഡിനെ പിടിച്ചുകെട്ടിയത്‌. ഇനി ആർക്കും പുതുതായി അസുഖം പിടിക്കാതിരിക്കുക എന്ന വലിയ ദൗത്യം ആരോഗ്യവകുപ്പിന്‌ നിറവേറ്റാനുണ്ട്‌. 
ചെങ്ങളം സ്വദേശികളായ ദമ്പതികൾക്കും മെഡിക്കൽ കോളേജിലെ തൃപ്പൂണിത്തുറ സ്വദേശിനിയായ നേഴ്‌സ്‌ രേഷ്‌മ മോഹൻദാസിനുമാണ്‌ ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. മൂന്നു പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിവിട്ട ചെങ്ങളം സ്വദേശികൾ മെഡിക്കൽ കോളേജിലെ പരിചരണത്തെ വാനോളം പുകഴ്‌ത്തിയിരുന്നു. 
  രോഗികളെ പരിചരിച്ച നേഴ്‌സിന്‌ അസുഖം ബാധിച്ചത്‌ മേഖലയിൽ അൽപം ആശങ്കയുണ്ടാക്കി. എങ്കിലും രോഗീപരിചരണത്തിൽ അൽപം പോലും കുറവുവരുത്തിയില്ല. രോഗത്തെ കീഴ്പ്പെടുത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ രേഷ്‌മ സമൂഹമാധ്യമത്തിൽ ഇട്ട പോസ്‌റ്റ് ആവേശം പകരുന്നതായിരുന്നു. ഒടുവിൽ ആ പോരാട്ടവും വിജയിച്ചു. വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ട അതേദിവസം തന്നെ രേഷ്‌മയും വീട്ടിലെത്തി. 
നിലവിൽ വെള്ളിയാഴ്‌ച പ്രവേശിപ്പിച്ച ഒരാൾ മാത്രമാണ്‌ ആശുപത്രി നിരീക്ഷണത്തിലുള്ളത്‌. എന്നാൽ ഹോം ക്വാറന്റയിനിൽ മൂവായിരത്തിലധികം പേർ കഴിയുന്നു. ദിവസവും ക്വാറന്റയിൻ നിർദേശിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്‌. കൂടുതൽ രോഗികൾ ഉണ്ടാവില്ലെന്ന വലിയ പ്രതീക്ഷയിലാണ്‌ ജില്ലയിലെ ആരോഗ്യരംഗം.
 
 
പ്രധാന വാർത്തകൾ
 Top