03 June Wednesday
തമിഴ്നാട്ടിൽ കോവിഡ് വ്യാപിക്കുന്നു

അതിർത്തിയിൽ പരിശോധന ശക്തമാക്കി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

  നെടുങ്കണ്ടം

അതിര്‍ത്തി മേഖലകളില്‍ പരിശോധന ശക്തമാക്കി കേരള പൊലീസ്. തമിഴ്നാട്ടിൽ കോവിഡ്- 19 വ്യാപകമായതോടെ നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കമ്പംമെട്ട് തുടങ്ങിയ സ്റ്റേഷനുകളിലെ പൊലീസ് അതിര്‍ത്തി മേഖലകളില്‍ 24 മണിക്കൂറും പരിശോധന നടത്തുകയാണ്‌. 
വ്യാഴാഴ്ച അതിര്‍ത്തി മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ പൊലീസ് മേധാവി പി കെ മധു സ്ഥിതിഗതികൾ വിലയിരുത്തി. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂർ, തേനി, ഉത്തമപാളയം, ചിന്നമന്നൂര്‍, തേവാരം, കോമ്പൈ തുടങ്ങി കേരളത്തോട് ചേർന്നുകിടക്കുന്ന ഒട്ടേറെ സ്ഥലങ്ങളില്‍ കോവിഡ് ബാധ വ്യാപകമായിട്ടുണ്ട്‌. ഇവിടെനിന്നുള്ള തൊഴിലാളികളാണ് കേരളത്തിലെ ഏലത്തോട്ടം മേഖലകളില്‍ ജോലിക്ക് എത്തുന്നത്. ദിവസവും വാഹനങ്ങളില്‍ വന്നു മടങ്ങിയിരുന്ന ഇവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടെ കാനന പാതകളിലൂടെയും പരമ്പരാഗത ഊടുവഴികളിലൂടെയും കേരളത്തിലേക്ക് എത്തുകയും ജോലിക്കുശേഷം മടങ്ങിപ്പോകുകയും ചെയ്തിരുന്നു. 
ഈ സാഹചര്യത്തിലാണ്‌ കോവിഡ് വ്യാപന സാധ്യത മുന്നില്‍കണ്ട്‌ പൊലീസ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന രാമക്കല്‍മേട്, കമ്പംമെട്ട്, മന്തിപ്പാറ, ചതുരംഗപ്പാറ, തേവാരംമെട്ട്, മാന്‍കുത്തിമേട്, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് പൊലീസ് പരിശോധന ആരംഭിച്ചത്. പരമ്പരാഗത വഴികളും കാനന പാതകളും നിരീക്ഷിക്കുന്നുണ്ട്. ഒരു എസ്ഐ ഉള്‍പ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് ഓരോ സ്ഥലത്തുമുള്ളത്.  
 
മറയൂർ 
അതിർത്തി പ്രദേശമായ ഉദുമലൈ മേഖലയിൽ കോവിഡ് 19 രോഗബാധിതരെ കണ്ടെത്തിയ പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി അധികൃതർ. ഉദുമലൈ ടൗണിലും സമീപ ഗ്രാമങ്ങളിലുമായി നിസാമുദ്ദീൻ തബ്‌ലീഗ്‌ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെവന്ന 14 പേരിലാണ്‌ രോഗലക്ഷണം കണ്ടെത്തിയത്. ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഉദുമലൈ നഗരം, പെരിയ കോട്ട, കണക്കം പാളയം, കണ്ണമനായ്ക്കന്നൂർ, മുക്കോണം, കണ്ടക്കം പാളയം, രാഗൽപാവി, കുറിഞ്ചേരി, ചിന്നവീരം പെട്ടി എന്നീ ഗ്രാമങ്ങളിലായി 26,853 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്‌. വീടുകൾ കയറിയുള്ള പരിശോധനകൾ നടന്നുവരുന്നു. മറയൂർ ഉദുമലൈ സംസ്ഥാനപാതയിൽ ഒമ്പതാർ ചെക്‌പോസ്റ്റിൽ തമിഴ്നാട് അധികൃതരും കരിമുട്ടി ചെക്‌പോസ്റ്റിൽ കേരള അധികൃതരും പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽനിന്ന്‌ പച്ചക്കറി, അവശ്യസാധനങ്ങൾ എത്തിക്കാനുള്ള വാഹനങ്ങൾ കടത്തിവിടുന്നതിൽ നിയന്ത്രണം കൊണ്ടുവരാനും തീരുമാനിച്ചു. മലമ്പാതകളിലൂടെയുള്ള കടന്നുകയറ്റം തടയാൻ വനംവകുപ്പ് അധികൃതർ നടപടികൾ സ്വീകരിക്കും. തമിഴ്നാട്ടിൽനിന്ന്‌ ആരുവന്നാലും 28 ദിവസത്തെ നിരീക്ഷണത്തിന് വിധേയരാക്കും. 
 
  
പ്രധാന വാർത്തകൾ
 Top