27 May Wednesday

50 കുഴൽകിണറുകളിലെ വെള്ളം അപ്രത്യക്ഷമായി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
നെടുങ്കണ്ടം
കല്ലാർ, പട്ടം കോളനി മേഖലയില്‍ കുഴല്‍കിണറുകളിലെ വെള്ളം വറ്റുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നു. മേഖലയിലെ തുടർഭൂചലനമാകാം ഈ പ്രതിഭാസത്തിന്‌ കാരണമെന്നാണ്‌ നിഗമനം. മുണ്ടിയെരുമ, ദേവഗിരി, ആശാന്‍പടി എന്നിവിടങ്ങളിലായി അമ്പതോളം കുഴല്‍കിണറുകളിലെ വെള്ളം പൂര്‍ണമായും ഇല്ലാതായി. കുഴല്‍കിണറുകൾ പത്തുവര്‍ഷത്തിനിടെ നിര്‍മിച്ചതും 300 അടി താഴ്ചയില്‍ സുലഭമായി വെള്ളം ലഭിച്ചിരുന്നതുമാണെന്ന് നാട്ടുകാർ പറയുന്നു. ഞാലിപ്ലാക്കല്‍ വിജയന്‍, തച്ചുകുളം നാസര്‍, മറ്റത്തിങ്കല്‍ പൊന്നുക്കുട്ടന്‍, പുത്തന്‍പുരയ്ക്കല്‍ തങ്കച്ചന്‍ എന്നിവരുടെ നൂറുമീറ്റര്‍ ചുറ്റളവിലുള്ള കുഴല്‍കിണറുകളാണ് വറ്റിയത്.
 ഇതിൽ തങ്കച്ചന്റെ രണ്ട്‌ കുഴൽകിണറുകളും വറ്റി. രണ്ടാഴ്ചക്കിടെ 14 തവണയാണ് മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. പിന്നീട്, ഏതാനും ദിവസങ്ങള്‍ക്കുശേഷം കുഴല്‍കിണറുകളിലെ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയുകയും പൂര്‍ണമായും വറ്റുകയുമായിരുന്നു. കുഴല്‍കിണര്‍ വറ്റിയതോടെ കുടിവെള്ളം വിലയ്ക്കുവാങ്ങേണ്ട അവസ്ഥയാണ്. ഭൂചലനം സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നും അടിക്കടിയുണ്ടാകുന്ന ചലനങ്ങള്‍ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സഹായം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌.
 
പ്രധാന വാർത്തകൾ
 Top