16 April Friday

അതിഥിത്തൊഴിലാളി യുവതിക്ക് 
ആംബുലൻസിൽ സുഖപ്രസവം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
അടിമാലി
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. മധ്യപ്രദേശ് വികാസ്ഖണ്ട് സ്വദേശിയും മുട്ടുകാട് തോട്ടം തൊഴിലാളിയുമായ നവൽ സിങ്ങിന്റെ ഭാര്യ രജനി(22) ആണ് കനിവ് 108 ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മംനൽകിയത്. ബുധനാഴ്ച രാവിലെ എട്ടോടെ രജനിക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അയൽക്കാർ ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽനിന്ന് സന്ദേശം രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള കനിവ് 108 ആംബുലൻസിലേക്ക് കൈമാറി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആഷ്‌ലി ജോസഫ്, പൈലറ്റ് ലിനു സ്റ്റീഫൻ എന്നിവർ സ്ഥലത്തെത്തി. ആഷ്‌ലി നടത്തിയ പരിശോധനയിൽ രജനിയുടെ ആരോഗ്യനില മോശമാണെന്ന് മനസ്സിലാക്കി ഇവരെ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൂമ്പൻപാറയിൽവച്ച് യുവതിയുടെ നില കൂടുതൽ വഷളായി. ആഷ്‌ലിയുടെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന്‌ കണ്ടെത്തി. ആംബുലൻസിൽ സജ്ജീകരണം ഒരുക്കി പത്തരയോടെ ആഷ്‌ലിയുടെ പരിചരണത്തിൽ രജനി കുഞ്ഞിന് ജന്മംനൽകി. പ്രഥമശുശ്രൂഷ നൽകിയശേഷം അമ്മയെയും കുഞ്ഞിനെയും ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏഴാംമാസത്തെ പ്രസവം ആയതിനാൽ കുഞ്ഞിനെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top