23 March Thursday

ഇടുക്കിയെ ചേര്‍ത്തുപിടിച്ച ബജറ്റ്: 
മന്ത്രി റോഷി അഗസ്റ്റിന്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

ഇടുക്കി മെഡിക്കൽ കോളേജ്

കട്ടപ്പന
വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം, പശ്ചാത്തലം, കാർഷികം തുടങ്ങി എല്ലാ മേഖലകൾക്കും അർഹമായ പ്രധാന്യം നൽകി ഇടുക്കിയുടെ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി മെഡിക്കൽ കോളേജിനോടനുബന്ധിച്ച് നഴ്‌സിങ് കോളേജ് അനുവദിച്ചത് ജില്ലയിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾക്കു തുടക്കംകുറിക്കും. ആരോഗ്യമേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതോടെ യുവജനങ്ങൾക്ക് പ്രയോജനപ്പെടും. മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമാണം, ചെറുതോണിയിലെ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള ഇന്റേണൽ റോഡുകളുടെ നിർമാണം, മെഡിക്കൽ കോളേജിനോടുചേർന്ന് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാനുള്ള ആശ്വാസ് വിശ്രമകേന്ദ്രം തുടങ്ങിയവയ്ക്ക് തുക വകയിരുത്തിയത് നേട്ടങ്ങളാണ്.
ഇടുക്കി പാക്കേജിൽ വകയിരുത്തിയ 75 കോടി രൂപയിൽ അടിസ്ഥാന വികസനത്തിനും കാർഷിക മേഖലയുടെ മുന്നേറ്റത്തിനും വഴിയൊരുക്കുന്ന പദ്ധതികൾ നടപ്പാക്കും. ഇടുക്കി നിയോജമണ്ഡലത്തിനും അർഹമായ പരിഗണന നൽകി. പ്രളയവും കോവിഡും മങ്ങലേൽപ്പിച്ച കാർഷിക മേഖലയുടെ ഉയർത്തെഴുന്നേൽപ്പിനും പാക്കേജ് വഴിയൊരുക്കും.
തങ്കമണിയിൽ സ്റ്റേഡിയം നിർമിക്കാൻ 1.5 കോടി വകയിരുത്തി. ഇടുക്കി മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് 10 കോടി രൂപയാണ് അനുവദിച്ചത്. 2013-ൽ ഇടുക്കി താലൂക്ക് നിലവിൽ വന്നെങ്കിലും ഓഫീസിന് മതിയായ കെട്ടിട സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കേണ്ട വിവിധ ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് എത്തും. കലക്ടറേറ്റിൽ സ്റ്റേറ്റ് ചേംബർ വരുന്നതോടെ ഭരണതലത്തിൽ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടവും ഏകോപനവും വേഗത്തിലാകും.
തൊടുപുഴയിൽ കിൻഫ്ര പാർക്കിന് 4.5 കോടി രൂപ അനുവദിച്ചു. ഇടുക്കിയിൽ എയർ സ്ട്രിപ്പ് സാധ്യതമാകുന്നതോടുകൂടി വിനോദസഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാകും. ജില്ലാ ആസ്ഥാനത്ത് സാംസ്‌കാരിക വകുപ്പിന്റെ മൾട്ടിപ്ലക്‌സ് തിയറ്റർ, കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ, യാത്ര ഫ്യുവൽ സ്റ്റേഷൻ, വ്യവസായ വകുപ്പിന്റെ കീഴിൽ ഫുഡ് പാർക്ക് തുടങ്ങിയവയും ലക്ഷ്യമിടുന്നു. കട്ടപ്പനയിൽ പിഎസ് സി ജില്ലാ ഓഫീസ് നിർമാണം, കട്ടപ്പനയിൽ കരിയർ ഡെവലപ്‌മെന്റ് സെന്റർ, പനംകുട്ടി, അയ്യപ്പൻകോവിൽ, അറക്കുളം മണപ്പാടി എന്നിവിടങ്ങളിൽ പാലങ്ങൾ, കാഞ്ഞാർ പാലത്തിന്റെ ഇരുവശത്തിലും നടപ്പാത എന്നിവയും ബജറ്റിൽ ഇടംപിടിച്ചു.
കല്ലാർകുട്ടി- തിങ്കൾക്കാട്- പറുസിറ്റി റോഡ്, വെള്ളയാംകുടി-–-കട്ടപ്പന ഗവ.കോളേജ്-, കട്ടപ്പന ബൈപ്പാസ് റോഡ്, പൊൻമുടി- പണിക്കൻകുടി റോഡ്, ചിന്നാർ–-- മങ്കുവ–-- ഇഞ്ചത്തൊട്ടി–-- പനംകുട്ടി റോഡ്, ചെറുതോണി-–- തിയറ്റർപ്പടി–-- താന്നിക്കണ്ടം- വാഴത്തോപ്പ്-–- കുതിരക്കല്ല്-–- മരിയാപുരം റോഡ്, ചെറുതോണി-–-വാഴത്തോപ്പ്- മണിയാറൻകുടി റോഡ്, ടണൽ ജങ്ഷൻ-–-നരിയമ്പാറ- കൽത്തൊട്ടി റോഡ്, കാഞ്ഞാർ-പുള്ളിക്കാനം റോഡ് തുടങ്ങിയ പ്രധാന പിഡബ്ല്യുഡി റോഡുകളുടെ നവീകരണവും ലക്ഷ്യമിടുന്നു. ചേലച്ചുവട്-–- വണ്ണപ്പുറം, അടിമാലി-–- നത്തുകല്ല് എന്നീ റോഡുകൾ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കാനുള്ള നടപടി പുരോഗമിക്കുന്നു. മലയോര ഹൈവയുടെ ഭാഗമായി കരിന്തരുവി- ചപ്പാത്ത് മുതൽ കട്ടപ്പന വരെ മൂന്ന് റീച്ചുകളായി നിർമിക്കുന്നതിന് ടെൻഡൻ പൂർത്തിയായിവരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top