06 December Friday
29 പേർ പരിശോധനയിൽ കുടുങ്ങി

ഹെൽമെറ്റ്‌ ‘തല’യൂരാനാവാത്ത വിധി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

 തൊടുപുഴ

ഹെൽമെറ്റ‌് കോടതി വിധിയിൽ തലയൂരാനാകാത്ത മുട്ടൻപണിയാണ്‌ ഇക്കുറി കിട്ടിയത്‌. വാഹനമോടിക്കുന്നവർക്കും പിൻസീറ്റിലിരിക്കുന്നവർക്കും കുട്ടികൾക്കുമെല്ലാം ഹെൽമെറ്റ്‌ കൂടിയേതീരൂ. പരിശോധന കർക്കശമാക്കിയതിന്‌ പിന്നാലെ ജില്ലയിൽ നടത്തിയ പരിശോധനയിൽ 29 പേരിൽനിന്ന്‌ പിഴ ഈടാക്കി. 
   പിൻസീറ്റിൽ ഹെൽമെറ്റ‌് നിർബന്ധമാക്കിയെങ്കിലും ഇതുവരെ ആരും ധരിച്ചു തുടങ്ങിയിട്ടില്ല. ആദ്യദിനം പലരെയും ഉപദേശിച്ചുവിട്ടിരുന്നു. എന്നാൽ, തിങ്കളാഴ‌്ച ചിലയിടങ്ങ‌ളിൽ പിഴ ഈടാക്കിയെന്ന‌് ഇടുക്കി ആർടി റെജി പി വർഗീസ‌് പറഞ്ഞു.
   കുട്ടികളുമൊത്ത‌് കുടുംബസമേതം ഇരുചക്രവാഹനങ്ങളിൽ പോകുന്നവരെയാണ‌് കോടതിവിധി ഏറെ വിഷമവൃത്തത്തിലാക്കിയത‌്. ഒരു കുടുംബത്തിലെ മുഴുവൻ ആളുകൾക്കും ഹെൽമെറ്റുകൾ വാങ്ങേണ്ടി വരും. ഒന്നിലേറെ ഹെൽമെറ്റുകൾ ഇരുചക്രവാഹനത്തിൽ സൂക്ഷിക്കാൻ പ്രായോഗികബുദ്ധിമുട്ടുമുണ്ട‌്.
 ഹെൽമെറ്റ‌് പരിശോധന കർശനമാക്കുമോ എന്ന‌് നോക്കിയശേഷം ഹെൽമെറ്റ‌് വാങ്ങാമെന്ന ധാരണയിലാണ‌് പലരും. ഹൈക്കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകും. ഇതു കണക്കിലെടുത്ത‌് അടുത്തദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കിയേക്കുമെന്ന‌് സൂചനയുണ്ട‌്. ഹെൽമെറ്റ‌് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ.
 
 
പ്രധാന വാർത്തകൾ
 Top