06 December Friday
125-‐ാം വാര്‍ഷികം

രാജകീയപ്രൗഢിയിൽ പീരുമേട്‌ കോടതി ഇനി തപാൽ കവറിലും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

 

 
പീരുമേട്
തിരുവിതാംകൂർ രാജഭരണ കാലത്ത് സ്ഥാപിച്ച പീരുമേട് കോടതിയുടെ 125–-ാം വാർഷികത്തിന്റെ ഭാഗമായി ഭാരതീയ തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പിന് പിന്നാലെ പോസ്റ്റൽ കവറും പുറത്തിറക്കി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ മുൻകൈയെടുത്താണ് 1893ൽ പീരുമേട്ടിൽ ഹജൂർ കച്ചേരി എന്ന പേരിൽ കോടതി സ്ഥാപിക്കുന്നത്. വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടി തപാൽ കവർ പ്രകാശനം ചെയ്‌തു. കോടതിക്ക്‌ ഇത് അഭിമാന നിമിഷമാണെന്ന് മജിസ്ട്രേറ്റ് ആർ കൃഷ്ണപ്രഭൻ പറഞ്ഞു. പോസ്റ്റൽ സെൻട്രൽ റീജിയൻ പി എം ജി ജിതേന്ദ്ര ദുപ്ത, പീരുമേട് ബാർ അസോസിയേഷൻ പ്രസിഡന്റ് ഷൈൻ വർഗീസ്, സെക്രട്ടറി സ്റ്റീഫൻ ഐസക്‌, ശാരദാ സമ്പത്ത്, സയീദ് റഷീദ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ മെയ് നാലിന് പീരുമേട്ടിൽ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മന്ത്രി എം എം മണിയാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. രാജഭരണ കാലത്ത് കെട്ടിടത്തിന്റെ മുൻ ഭാഗത്തെ ഭിത്തിയിൽ താലൂക്ക് കച്ചേരി എന്ന്‌ ആലേഖനം ചെയ്തതും ഒന്നേകാൽ നൂറ്റാണ്ടോളം പഴക്കമുള്ള രാജഭരണത്തിന്റെ ശംഖ് മുദ്രയും ഇപ്പോഴും രാജപ്രൗഢിയോടെ കെട്ടിടത്തിന്റെ മുകളിൽ തലയുയർത്തി നിൽക്കുന്നു. 
 തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽക്കാലവസതി അക്കാലത്ത് പീരുമേട്ടിലായിരുന്നു. കൊട്ടാരം കുട്ടിക്കാനത്തും. അക്കാലത്ത് പീരുമേട് പ്രത്യേക രാജപ്രൗഢിയിലായിരുന്നെന്നാണ് പഴമക്കാർ പറയുന്നത്. തിരുവിതാംകൂർ രാജഭരണ കാലത്തെ അറിയപ്പെടുന്ന പ്രധാന കേന്ദ്രമായിരുന്നു പീരുമേട്. 
അക്കാലത്ത് പീരുമേട് ചങ്ങനാശേരി റവന്യൂ ഡിവിഷന് കീഴിലായിരുന്നു.
 കോട്ടയം, ഇടുക്കി, പത്തനംതിട്ട കൂടാതെ എറണാകുളത്തിന്റെ ചില പ്രദേശങ്ങളും അടങ്ങിയതായിരുന്നു ഹജൂർ കച്ചേരിയുടെ പ്രവർത്തന മേഖല. തഹസിൽദാരായിരുന്നു കോടതി മജിസ്ട്രേറ്റ്‌. തഹസിൽ മജിസ്ട്രേറ്റ്‌ എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടത്. 1894 ൽ ദിവാൻ ശങ്കര സുബ്ബയ്യൻ ഇവിടെവച്ചാണ് ഞായറാഴ്ചകൾ പൊതു അവധിയായി പ്രഖ്യാപിച്ചത്.
1907ൽ താലൂക്ക് കച്ചേരി വിഭജിച്ച് തഹസിൽ മജിസ്ട്രേറ്റും ട്രൈബ്യൂണലുമായി മാറി. സ്വാതന്ത്ര്യാനന്തരം 1950ലാണ് പീരുമേട് കോടതി തുടങ്ങിയത്. ഇതിന്റെ തുടർച്ചയായി 1959ൽ പീരുമേട് സബ് ജയിലും സ്ഥാപിതമായി. നിലവിൽ കോടതി സമുച്ചയത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്‌ കോടതി, മുൻസിഫ് കോടതി, ഗ്രാമന്യായാലയ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top