21 October Monday

അനിൽകുമാറിന്റെ കുടുംബത്തിന് കാരുണ്യപ്പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

മുട്ടം പഞ്ചായത്ത്‌ പ്രഡിഡന്റ് കുട്ടിയമ്മ മൈക്കിൾ വീടിന്റെ താക്കോൽ കൈമാറുന്നു

മുട്ടം 
മുട്ടം കൊല്ലംകുന്ന് ഭാഗത്ത് ഉരുൾപൊട്ടലിൽ മരിച്ച കഴുമറ്റത്തിൽ അനിൽകുമാറിന്റെ കുടുംബത്തിന് സുമനസ്സുകളുടെ കാരുണ്യപ്പൂക്കൾ. ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഞ്ച്‌ സെന്റ് സ്ഥലം വാങ്ങി മനോഹരമായ വീട് നിർമിച്ചുനൽകി. 17 ലക്ഷത്തോളം രൂപ ഇതിനായി ജനകീയ സമിതി കണ്ടെത്തി. 2018 ആഗസ്‌ത്‌ 15നായിരുന്നു അനിൽ കുമാർ ഉരുൾപൊട്ടലിൽ മരിച്ചത്.
 ഗവ. ആശുപത്രിക്കുസമീപം ബൈക്ക് വച്ചശേഷം വീട്ടിലേക്ക് വരുംവഴി ഉരുൾപൊട്ടലിൽ പെടുകയായിരുന്നു. അടുത്ത ദിവസമാണ്‌ മൃതദേഹം കണ്ടെത്തിയത്. അനിൽകുമാറിന്റെ വീടും സ്ഥലവും പൂർണമായും ഒലിച്ചുപോയി. മക്കളായ വിഷ്ണുവും മീനാക്ഷിയും മുത്തശ്ശിയും ഉരുൾപൊട്ടലിൽ ഭാഗികമായി മണ്ണിനടിയിൽപെട്ടിരുന്നു. ഭാഗ്യംകൊണ്ടാണ്‌ ഇവർ രക്ഷപെട്ടത്. 
വാടക വീടായിരുന്നു പിന്നീട് ഇവർക്കാശ്രയം. കുട്ടിയമ്മ മൈക്കിൾ, ടി കെ മോഹനൻ, പി എസ് രാധാകൃഷ്ണൻ, അലക്‌സ്‌ പ്ലാത്തോട്ടം, ജോസഫ് പഴയിടം, മേരിക്കുട്ടി വർഗീസ്, വിനേഷ് വാണിയേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ്‌ വീടൊരുക്കിയത്. നന്മവറ്റാത്ത മനസ്സുകളുടെ സഹായത്താൽ അനിൽകുമാറിന്റെ ഭാര്യ ഓമനയും പ്ലസ് ടു വിദ്യാർഥിയായ വിഷ്ണുവും ആറാംക്ലാസ് വിദ്യാർഥിനിയായ മീനാക്ഷിയും കഴിഞ്ഞദിവസം മുതൽ പുതിയവീട്ടിൽ താമസം തുടങ്ങി. 
മുട്ടം പഞ്ചായത്ത്‌ പ്രഡിഡന്റ് കുട്ടിയമ്മ മൈക്കിൾ വീടിന്റെ താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ് റെൻസി സുനീഷ് അധ്യക്ഷയായി. കെ എ പരീത് കാനാപുറം, കെ പി സുനീഷ്, ടോമി ജോർജ് മൂഴിക്കുഴിയിൽ, ജോസഫ് പഴയിടം, ടി കെ മോഹനൻ, ജോസ് ചുമപ്പുങ്കൽ, സുമോൾ ജോയ്‌സൺ, മേരിക്കുട്ടി, മൈക്കിൾ പൂവത്തിങ്കൽ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top