25 September Friday

പൊലീസ്‌ കേസെടുത്തു തൊടുപുഴയിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് മത്സ്യ വ്യാപാരം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

  

തൊടുപുഴ
കോവിഡ് 19 നിയന്ത്രണം ലംഘിച്ച് മത്സ്യവുമായെത്തി മൊത്ത വ്യാപാരം നടത്തുന്നതിനിടെ മീൻ കയറ്റിവന്ന ട്രക്ക് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ, ജീവനക്കാർ, മത്സ്യം വാങ്ങാനെത്തിയ ചെറുകിട കച്ചവടക്കാർ എന്നിവരുൾപ്പെടെ നിരവധിയാളുകൾക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സമ്പർക്കം മൂലം കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭയിൽ ഏതാനും ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ചിട്ടുണ്ട്. വഴിയോര കച്ചവടങ്ങളും മത്സ്യ വ്യാപാരവും പത്ത്‌ വരെ പൂർണമായും നിരോധിച്ചിരിക്കുകയാണ്.  
ഇതിനിടെയാണ്‌ വെങ്ങല്ലൂർ മങ്ങാട്ടുകവല നാലുവരി ബൈപ്പാസിലേക്ക് ശീതീകരിച്ച ട്രക്കിൽ ടൺ കണക്കിന് മത്സ്യമെത്തിച്ചത്‌. ഇത് വാങ്ങുന്നതിനായി എഴുപതോളം ചെറുകിട കച്ചവടക്കാർ ഓട്ടോറിക്ഷ, മിനിലോറി, ഇരുചക്രവാഹനം എന്നിവയിലായി തടിച്ചുകൂടി. ഇതോടെ റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. സ്ഥലത്ത് വലിയ ആൾക്കൂട്ടവും ബഹളവുമായതോടെ പ്രദേശവാസികൾ തൊടുപുഴ പൊലീസിൽ അറിയിക്കുകയായിരുന്നു. 
 ഉടൻ എസ്ഐ കെ എ അബിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ട്രക്ക് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി. എറണാകുളം പള്ളുരുത്തി സ്വദേശി കണ്ണന്തറ ദിലീപ് (46), വെങ്ങല്ലൂർ സ്വദേശി കൊമ്പനാംപറമ്പിൽ ദിലീപ് (45),  മങ്ങാട്ടുകവല സ്വദേശി മുണ്ടക്കൽ എം എച്ച്‌ സജീവ് ( 46) എന്നിവർക്കെതിരെയാണ് കേരള പകർച്ചവ്യാധി രോഗ ഓർഡിനൻസ്, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതത്‌. സ്ഥലത്ത് ഉണ്ടായിരുന്ന കണ്ടാൽ അറിയാവുന്നവർക്കെതിരെയും കേസെടുത്തു. പരിശോധനയിൽ എറണാകുളത്തെ ഗോഡൗണിൽ നിന്നെത്തിച്ച മത്സ്യമാണെന്ന് കണ്ടെത്തി. പഴകിയ മത്സ്യമല്ലാത്തതിനാൽ 5000 രൂപ പിഴയടപ്പിച്ച ശേഷം വാഹനം എറണാകുളത്തേക്ക് മടക്കിയയച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top