19 September Thursday

തൊഴിലാളി രോഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
മൂന്നാർ/ വണ്ടിപ്പെരിയാർ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് തോട്ടം മേഖലയിൽ പ്രതിഷേധം ശക്തം. ഐക്യട്രേഡ് യൂണിയൻ നേതൃത്വത്തിൽ മൂന്നാറിലും വണ്ടിപ്പെരിയാറിലും നടന്ന ധർണയിൽ ആയിരക്കണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. ബിജെപി സർക്കാർ അധികാരമേറ്റ ഉടൻ തൊഴിൽ നിയമങ്ങൾ മാറ്റി തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്‌ക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിൽ താക്കീതായി സമരം.
ഫാക്ടറി, തുറമുഖം, നിർമാണം തുടങ്ങിയ മേഖലകളിൽ ന്യായ വേതനവും തൊഴിലാളി സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന 13 കേന്ദ്ര നിയമങ്ങളാണ് ഒറ്റയടിക്ക് പിൻവലിക്കുന്നത്‌.രാജ്യത്തെ കുറഞ്ഞ പ്രതിദിന വേതനം 175 രൂപയായി നിശ്ചയിച്ചത് സംസ്ഥാനത്തെ തൊഴിലാളികൾക്ക്‌ പ്രതികൂലമായി. നാൽപ്പതിലേറെ തൊഴിൽ നിയമങ്ങൾ നാല് കോഡുകളായി ചുരുക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനെതിരെയാണ്‌ തൊഴിലാളികൾ  സമരവുമായി തെരുവിലിറങ്ങിയത്‌. മൂന്നാറിൽ എസ്ഐപിഡബ്ല്യു(ഐഎൻടിയുസി) പ്രസിഡന്റ് എ കെ മണി ഉദ്ഘാടനം ചെയ്തു. ഡിഇഇ യൂണിയൻ(സിഐടിയു) പ്രസിഡന്റ് കെ വി ശശി അധ്യക്ഷനായി.  സിഐടിയു ജില്ലാ പ്രസിഡന്റ് പി എസ് രാജൻ, എസ് രാജേന്ദ്രൻ എംഎൽഎ, ഡിഇഇ യൂണിയൻ ജനറൽ സെക്രട്ടറി വി ഒ ഷാജി, എം വൈ ഔസേഫ്, പി പഴനിവേൽ(എഐടിയുസി), ജി മുനിയാണ്ടി, ഡി കുമാർ(ഐഎൻടിയുസി) എന്നിവർ സംസാരിച്ചു. പി മുത്തുപ്പാണ്ടി സ്വാഗതവും ബാബു കുര്യാക്കോസ് നന്ദിയും പറഞ്ഞു. 
വണ്ടിപ്പെരിയാർ പോസ്റ്റ്‌ ഓഫീസ്‌ മാർച്ചും ധർണയും ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ഷാജി പൈനാടത്ത്‌ ഉദ്‌ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ജി വിജയാനന്ദ് അധ്യക്ഷനായി. പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ പ്രസിഡന്റ് ആർ തിലകൻ, ജനറൽ സെക്രട്ടറി എം തങ്കദുര, സി കെ കൃഷ്ണൻകുട്ടി, ജെയിംസ് മാമ്മൂട്ടിൽ, ജോസ് ഫിലിപ്പ്, ജി ബേബി, കെ ഗോപി, കെ ഉദയകുമാർ എന്നിവർ സംസാരിച്ചു. ആർ വിനോദ് സ്വാഗതവും പി എസ് ഹരിഹരൻ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top