04 July Saturday
പാമ്പാടുംപാറ പഞ്ചായത്തിൽ

സുഭിക്ഷ കേരളം പദ്ധതി അട്ടിമറിക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

 നെടുങ്കണ്ടം

സുഭിക്ഷ കേരളം പദ്ധതി അട്ടിമറിക്കാനുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിൽ പ്രതിഷേധം. സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പഞ്ചായത്ത്‌ ഭരണസമിതിയും നിരുത്തരവാദത്തോടെ പെരുമാറുന്ന കൃഷിഭവൻ ജീവനക്കാരും സുഭിക്ഷ കേരളം പദ്ധതി പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ്. വാർഷിക പദ്ധതിയിൽ ഫണ്ട്‌ വളരെ അത്യാവശ്യമായവയ്‌ക്കുമാത്രം ചെലവഴിക്കാനും പണം കൃഷിവികസനത്തിന്‌ ഉപയോഗിക്കാനുമായി പദ്ധതികൾ പുനഃക്രമീകരിക്കാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കാതിരിക്കാനാണ് ഭരണസമിതി ശ്രമിച്ചത്.
     സുഭിക്ഷ കേരളം ഉപദേശകസമതിയും പ്രതിപക്ഷ അംഗങ്ങളും സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് ഫണ്ട്‌ അഞ്ചുലക്ഷത്തിൽനിന്ന്‌ 60 ലക്ഷമായി ഉയർത്താൻ ഭരണസമിതി തയ്യാറായത്. സുഭിക്ഷ കേരളം കൃഷിവികസന സമിതിക്ക് മുമ്പാകെ അവതരിപ്പിക്കാൻ അധികാരികൾ വൈമുഖ്യം കാണിച്ചതും വിവാദമായി. കൃഷിഭവൻ മുഖാന്തിരം കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇഷ്‌ടക്കാർക്കുമാത്രം വിതരണം ചെയ്യുകയാണെന്നും ആക്ഷേപമുണ്ട്. കൃഷിയുടെയും കർഷകരുടെയും വിവരശേഖരണവും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷഫാറവും ചില വ്യക്തികൾക്കുമാത്രം എത്തിക്കുകയാണ് കൃഷിഭവൻ ഉദ്യോഗസ്ഥർ ചെയ്തത്. 
ചൊവ്വാഴ്ച കൃഷിവികസന സമിതി യോഗം വിളിച്ചെങ്കിലും അധ്യക്ഷയായ പഞ്ചായത്ത്‌ പ്രസിഡന്റ് യോഗത്തിനെത്താൻ ഒരുമണിക്കൂറിലേറെ താമസിച്ചു. കൃഷിവകുപ്പ്‌ ജീവനക്കാരൻ വാഹനവുമായി പ്രസിഡന്റിന്റെ വീട്ടിലെത്തി വിളിച്ചുകൊണ്ടുവരികയായിരുന്നു. ഓഫീസിലെത്തിയശേഷവും അവർ വികസന സമിതിയിലേക്ക് വരാതെ മാറിനിന്നതായും പരാതിയുണ്ട്. സമിതി കൺവീനറായ കൃഷി ഓഫീസറാകട്ടെ ഔദ്യോഗിക കാരണങ്ങളുമായി വിട്ടുനിന്നു. കോവിഡ് നിബന്ധനകൾ നിലനിൽക്കുന്നതിനാൽ കർഷകരുടെയും ജനങ്ങളുടെയും പ്രതിഷേധം ഭയക്കേണ്ടാത്തതാണ് ഭരണസമിതി മറയാക്കുന്നത്. ഇവർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ്‌ ജനങ്ങൾ.
പ്രധാന വാർത്തകൾ
 Top