11 July Saturday
തൊടുപുഴയിലെ വെള്ളക്കെട്ട്‌

ഉത്തരവാദികൾ എംഎൽഎയും നഗരസഭയും: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
തൊടുപുഴ
തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ടിന് നാളിതുവരെ‌ പരിഹാരം കാണാത്ത എംഎൽഎയും നഗരസഭയും ജനങ്ങളെ വീണ്ടും വിഡ്‌ഢികളാക്കാൻ ശ്രമിക്കുകയാണെന്ന്‌ എൽഡിഎഫ്‌ തൊടുപുഴ നിയോജകമണ്ഡലം കൺവീനർ വി വി മത്തായി പ്രസ്‌താവനയിൽ പറഞ്ഞു. അര നൂറ്റാണ്ടോളം തൊടുപുഴയിൽ ജനപ്രതിനിധിയായിട്ടും നഗരത്തിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ ഒരു പദ്ധതിയും പി ജെ ജോസഫ്‌ മുന്നോട്ടുവച്ചില്ല. നഗരസഭ രൂപീകൃതമായി ചുരുങ്ങിയ കാലങ്ങളിലൊഴികെ ഭരണം കൈയാളിയ യുഡിഎഫിന്‌  നഗരവികസനത്തിലോ പദ്ധതികളിലോ വ്യക്തമായ കാഴ്‌ചപ്പാടില്ല. ഇതാണ്‌ വെള്ളക്കെട്ട്‌ അടക്കമുള്ള പ്രശ്‌നങ്ങൾക്ക്‌ കാരണം. 
  നഗരത്തിലൂടെ ഒഴുകുന്ന തോടുകളും ഓടകളും പലരും കൈയേറിയപ്പോൾ ഇവർ ഉറക്കംനടിച്ചു. ഒരു മഴയിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം വെള്ളത്തിലാകുന്ന അവസ്ഥ തുടങ്ങിയിട്ട്‌ വർഷങ്ങളായി. കൈയേറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നതാണ്‌ പതിവു പ്രഖ്യാപനം. ഇപ്പോഴും ആ പ്രഖ്യാപനം ഇവർ തുടരുകയാണ്‌. ഒരിക്കലും നടപടി ഉണ്ടാകില്ലെന്ന്‌ കൈയേറ്റക്കാർക്കും ഉറപ്പുണ്ട്‌. മണക്കാട്‌ ജങ്‌ഷനിലെ ചെറുതോട്‌ കൈയേറിയതിനെതിരെ അധികൃതർക്ക്‌ അന്നുതന്നെ പരാതി നൽകിയെങ്കിലും ചവറ്റുകൊട്ടയിലായി.
നഗരത്തിലെ നൂറുകണക്കിന്‌ കച്ചവടക്കാർ വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്നുണ്ട്‌. ഓരോ മഴയിലും ഇവർക്ക്‌ നാശനഷ്ടം ഏറെയാണ്‌. ഇപ്പോൾ വ്യാപാരികൾ ശക്തമായി രംഗത്തിറങ്ങിയ ശേഷം മാത്രമാണ്‌ ചില സ്ഥലങ്ങൾ സന്ദർശിക്കാൻപോലും നഗരസഭാ അധികൃതർ തയ്യാറായത്‌. ഉറക്കത്തിൽനിന്ന്‌  എഴുന്നേറ്റതുപോലെ എംഎൽഎയും പ്രസ്‌താവനയുമായി എത്തി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണിത്‌. വ്യാപാരികൾക്ക്‌ നേരിട്ട നാശനഷ്ടത്തിന്‌ നഗരസഭാ ഭരണാധികാരികളും എംഎൽഎയും മറുപടി പറയണം. കൃത്യമായ ആസൂത്രണത്തോടെ നഗരത്തിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും വി വി മത്തായി ആവശ്യപ്പെട്ടു. 
പ്രധാന വാർത്തകൾ
 Top