18 April Sunday

ഇടുക്കിയിലെ കാറ്റ്‌ ഇടത്തോട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
ഇടുക്കി
ഇടുക്കി ജില്ലയുടെ നാമധേയത്തിലുള്ള മണ്ഡലം യുഡിഎഫിന്റെ സ്വാധീന വലയത്തിൽനിന്ന്‌ ഇക്കുറി ഇടത്തേയ്‌ക്കുതന്നെ. കാർഷികമേഖലയായ ഇടുക്കിയിൽ എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന വികസനവും യുഡിഎഫിലെ പ്രബല കക്ഷിയായിരുന്ന കേരള കോൺഗ്രസ്‌ എം എൽഡിഎഫിന്റെ ഭാഗമായതോടെ  ഇടതുപക്ഷത്തിന്‌ വ്യക്തമായ മേൽക്കൈ ലഭിച്ചു. കേരള കോൺഗ്രസ് എം എൽഡിഎഫിലേക്ക്‌ വന്നതോടെ എംഎൽഎ റോഷി അഗസ്റ്റിനും ഇടതുപക്ഷത്തായി. 1977ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ മണ്ഡലം യുഡിഎഫിന്‌ അനുകൂലമായിരുന്നു. 1996ൽ ജനതാദളിലെ പി പി സുലൈമാൻ റാവുത്തറാണ്‌ ഇവിടെ വിജയിച്ച ഏക എൽഡിഎഫ്‌ സ്ഥാനാർഥി. 2001 മുതൽ കേരള കോൺഗ്രസ്‌ എമ്മിലെ റോഷിയാണ് മണ്ഡലത്തിലെ എംഎൽഎ. 
     കഴിഞ്ഞതവണ എൽഡിഎഫ്‌ സ്ഥാനാർഥി ഫ്രാൻസിസ്‌ ജോർജായിരുന്നു. ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന്‌ ഫ്രാൻസിസ്‌ ജോർജ്‌ കൂടുമാറി ജോസഫിന്റെ കൂടെയാണിപ്പോൾ. എൻഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്. കട്ടപ്പന‌ നഗരസഭയും കാഞ്ചിയാർ, ഇരട്ടയാർ, കാമാക്ഷി, വാത്തിക്കുടി, വാഴത്തോപ്പ്‌, മരിയാപുരം, കഞ്ഞിക്കുഴി, അറക്കുളം, കുടയത്തൂർ, കൊന്നത്തടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ ഇടുക്കി മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജനസ്വാധീനം വർധിപ്പിക്കാൻ കഴിഞ്ഞു. യുഡിഎഫ്‌ വോട്ടുവിഹിതത്തിൽ കാര്യമായ ഇടിവുണ്ട്‌. കാമാക്ഷി പഞ്ചായത്ത്‌ രൂപീകരിച്ചശേഷം ആദ്യമായി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഭൂരിപക്ഷം ലഭിച്ചു. യുഡിഎഫ്‌ മുൻകാലങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന ഭൂരിഭാഗം പഞ്ചായത്തുകളിലും എൽഡിഎഫിന്‌ സീറ്റുകൾ വർധിച്ചു‌. കട്ടപ്പന നഗരസഭയിൽ മാത്രമാണ്‌ യുഡിഎഫിന്‌ നേരിയ മുൻതൂക്കമുള്ളത്‌.
ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ കുടിയേറ്റ കർഷകർക്കും പത്തുചെയിൻ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്തും എൽഡിഎഫ്‌ സർക്കാർ പട്ടയം നൽകി. പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതും കർഷകർക്ക്‌ നേട്ടമായി. ഏലം, കുരുമുളക്‌ കർഷകരും ക്ഷീരകർഷകരും ഇടത്തരക്കാരും പാർക്കുന്ന മണ്ഡലമാണ്‌ ഇടുക്കി. 2018 ലെ മഹാപ്രളയത്തിൽ തകർന്ന ജില്ലാ ആസ്ഥാനപട്ടണമായ ചെറുതോണിയെ ജനകീയ കൂട്ടായ്‌മയിൽ എൽഡിഎഫ്‌ വീണ്ടും പുനർനിർമിച്ചു. ഇടുക്കി മെഡിക്കൽ കോളേജ്‌, മുൻ എംപി ജോയ്‌സ്‌ ജോർജ്‌ ദേശീയപാത 185ന്‌ സമാന്തരമായി കേന്ദ്ര റോഡ്‌സ്‌ ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചു നിർമിച്ച ഇടുക്കി– ശാന്തിഗ്രാം പാത തുടങ്ങിയവ വികസനത്തിന്റെ പുതിയ മുന്നേറ്റം കുറിച്ചു.  20 വർഷമായി മണ്ഡലത്തെ നയിക്കുന്ന റോഷി അഗസ്റ്റിനും മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്‌. എംഎൽഎയുടെ ഇടപെടലിൽ ഇടുക്കി മെഡിക്കൽ കോളേജിന്റെ ‌പ്രവർത്തനം പൂർണസജ്ജമാകുന്നു. അക്കാദമിക്‌ ബ്ലോക്ക്‌ ഐപി, ഒപി ബ്ലോക്കുകൾ, വിവിധ ലാബുകൾ, ഡയാലിസിസ്‌ യൂണിറ്റ്‌, ഐസിയു തുടങ്ങിയവ പ്രവർത്തനസജ്ജമായി. 187 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ്‌ ഇവിടെ നടക്കുന്നത്‌. മന്ത്രി എം എം മണി കെഎസ്‌ഇബിയുടെ 10 കോടിയുടെ സിഎസ്‌ആർ ഫണ്ടും നൽകി. ഈ അധ്യയനവർഷം മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തോടെ എൻബിബിഎസ്‌ പ്രവേശനം ഉറപ്പാക്കും. 
   ഗുണമേന്മകൾ ഉറപ്പാക്കിയുള്ള റോഡുകളുടെ ശൃംഖലകളാണ്‌ പൂർത്തീകരിച്ചത്‌. പാറമട–- ചെറുതോണി റോഡ്‌(21 കോടി), പ്രളയത്തിൽ തകർന്ന പൈനാവ്‌–- താന്നിക്കണ്ടം– മണിയാറൻകുടി–- അശോക റോഡ്‌(86.82 കോടി), പ്രകാശ്‌– കരിക്കിൻമേട്‌–- ഉപ്പുതോട്‌(8 കോടി), മേലേചിന്നാർ–- കനകക്കുന്ന്‌–- പെരുംതൊട്ടി–- പ്രകാശ്‌(10 കോടി) തുടങ്ങിയ റോഡുകളൊക്കെ  വികസനമുന്നേറ്റമായി. നവീകരിച്ച കട്ടപ്പന കെഎസ്‌ആർടിസി ഡിപ്പോ, തങ്കമണിയിൽ എക്‌സൈസ്‌ ഓഫീസ്‌, കെഎസ്‌ഇബി സബ്‌ ഡിവിഷൻ ഓഫീസ്‌, തോംപ്രാംകുടിയിൽ കിഫ്‌ബി ഫണ്ട്‌ വിനിയോഗിച്ച്‌ സബ്‌ രജിസ്‌ട്രാർ ഓഫീസ്‌, ജില്ലാ ആസ്ഥാനത്ത്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്‌ കെട്ടിടം എന്നിവയും നാടിന്റെ മുഖച്ഛായ മാറ്റി. ജില്ലാ പട്ടികജാതി ഓഫീസും ജില്ലാ ശിശുക്ഷേമ സമിതി ഓഫീസും  ജില്ലാ ആസ്ഥാനത്തേക്ക്‌ മാറ്റി. ഇടുക്കി മണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്‌കൂളുകളും ഹൈടെക്കാക്കി. ഇടുക്കി ആർച്ച്‌ ഡാമിനോട്‌ ചേർന്ന്‌ യാത്രിനിവാസ്‌ നിർമിച്ച്‌ താമസസൗകര്യങ്ങളും ഒരുക്കി. 
ഇടുക്കി പൈതൃക മ്യൂസിയം, നവീകരിച്ച ചെമ്പൻ കൊലുമ്പൻ സ്‌മാരകം, ഹിൽവ്യൂ പാർക്ക്‌ എന്നിവയും എടുത്തുപറയേണ്ടതാണ്‌. എംഎൽഎ നിരവധി വികസന പദ്ധതികൾ ജനങ്ങളിൽ എത്തിച്ചിട്ടുണ്ട്‌. കോവിഡ്‌കാലത്ത്‌ കിറ്റ്‌ നൽകിയതും ക്ഷേമപെൻഷനുകൾ വർധിപ്പിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌. ഇക്കുറി ഭരണത്തുടർച്ചയ്‌ക്കായി വലതുപക്ഷത്തുനിന്ന്‌ ഇടതുപക്ഷത്തേക്കുള്ള ജനങ്ങളുടെയും മാറ്റമാണ്‌ ദൃശ്യമാകുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top