24 February Sunday
നവകേരള സൃഷ്ടി

ജില്ലയുടെ പുനരുദ്ധാരണത്തിന‌് ഒരുക്കങ്ങളായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 ഇടുക്കി

പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന ജില്ലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുംമുന്നോട്ടുള്ള പുരോഗതിയും ഫലപ്രദമായി നടപ്പാക്കുന്നതിന‌് ഒരുക്കങ്ങളായി. ദുരന്തമുഖത്ത് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും പ്രകടിപ്പിച്ച ഏകോപനവും കൂട്ടായ്മയും തുടരണമെന്ന് ജില്ലാ വികസന സമിതിയോഗം അഭ്യർഥിച്ചു.
സംസ്ഥാന സർക്കാർ പദ്ധതികൾക്ക‌് പുറമെ കേന്ദ്രാവിഷ്‌കൃത പദ്ധതികളും ജില്ലയുടെ സമഗ്ര പുനരുദ്ധാരണത്തിന് ഉപയോഗപ്പെടുത്തുംവിധം രൂപപ്പെടുത്തണമെന്ന് ജോയ‌്സ‌് ജോർജ‌് എംപി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരും ജനങ്ങളും ദുരന്തമുഖത്ത് അമ്പരന്ന് നിൽക്കാതെ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മാതൃകയായി.പരാതിക്ക‌് ഇടനൽകാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ജില്ലാ ഭരണകൂടത്തെയും ജനങ്ങളെയും എംപി അഭിനന്ദിച്ചു. യോഗത്തിൽ കലക്ടർ കെ ജീവൻബാബുവിന്റെ അധ്യക്ഷനായി.
  രക്ഷാപ്രവർത്തനങ്ങളിലും റോഡുകളിലെ തടസ്സങ്ങൾ നീക്കുന്നതിലും ദുതിരാശ്വാസ ക്യാമ്പുകൾ നടത്തുന്നതിലും സ്തുത്യർഹമായ സേവനങ്ങൾ നടത്തിയ സന്നദ്ധ പ്രവർത്തകർ, ഡ്രൈവർമാർ, സാമൂഹിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ ആദരിക്കുന്നതിന് ജില്ലയിൽ പൊതുചടങ്ങ് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലയിൽ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിടുന്ന ഘട്ടത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ ചെറുപ്പക്കാരുടെ കൂട്ടായ്മകൾ നാടിന്റെ കരുത്തായി മാറി. ജില്ലാ ആസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിന‌് അടിയന്തര പ്രാധാന്യം നൽകും.
മഴക്കെടുതിയിലും വെള്ളപ്പാച്ചിലിലും തകർന്ന‌് പോയ ചെറുതോണിയിൽ യാത്രാസൗകര്യം, പൊതു, സ്വകാര്യ വാഹനങ്ങൾക്കും ടാക്‌സികൾക്കും പാർക്കിങ‌് സൗകര്യം തുടങ്ങിയവയും പൊതുശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് അടിയന്തര പ്രാധാന്യത്തോടെ നടപടിയുണ്ടാകണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് ടൗൺ പ്ലാനിങ‌് വിഭാഗത്തെയും ജില്ലാ വികസന സമിതി ചുമതലപ്പെടുത്തി. മണിയാറൻകുടി‐ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ, വനംവകുപ്പ് സെക്രട്ടറി തലത്തിൽ തീരുമാനങ്ങളെടുത്ത് നിലവിലുള്ള തടസ്സങ്ങൾ നീക്കണമെന്നും ആവശ്യമുയർന്നു.   റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം ഏറ്റെടുത്ത് നടപ്പാക്കുന്നതിന് സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരമാവധി സഹായം ഉറപ്പാക്കണം. ജില്ലയുടെ പ്രധാന പാതകൾ വലിയതോതിൽ തകർന്നത് സർക്കാർ ഗൗരവത്തോടെ എടുത്തിരിക്കുന്നതുകൊണ്ടാണ് ഇടുക്കിയിലെ റോഡുകളുടെ പുനരുദ്ധാരണ ചുമതല  റോഡ്‌സ് വിഭാഗം ചീഫ് എൻജിനിയർക്ക് നൽകിയത്‌. ജില്ലയിലെ തകർന്ന റോഡ് ശൃംഖല പൂർണ തോതിൽ പുനഃസ്ഥാപിക്കുന്നതിനുള്ള ദീർഘവീക്ഷണത്തോടെയുള്ള സമഗ്ര റിപ്പോർട്ട് ഉണ്ടാകണമെന്നും ജോയ്‌സ് ജോർജ‌് എംപി നിർദ്ദേശിച്ചു.
 പ്രധാന റോഡുകളിലെ തകർച്ചയും മണ്ണിടിച്ചിലും ചിത്രങ്ങൾ സഹിതം മാപ്പിങ്‌ നടത്തി പാതകൾ ഗതാഗത യോഗ്യമാക്കുന്നതിനുള്ള പൂർണ റിപ്പോർട്ടാകണം നൽകേണ്ടത‌്. കാർഷിക മേഖലയിൽ കൃഷിഭൂമിയുൾപ്പെടെയുള്ള നാശനഷ്ടങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാണമെന്ന് കലക്ടർ നിർദ്ദേശിച്ചു.
 സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ആവശ്യമുള്ള സാമഗ്രികളുടെ കണക്ക് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഓണക്കാലത്ത് വിദ്യാർഥികൾക്ക് നൽകുന്ന അഞ്ച് കിലോ അരി വിതരണം നടക്കാത്ത സ്ഥലങ്ങളിൽ ഉടനെ ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി.
 കനത്ത മഴയും മണ്ണിടിച്ചിലും തുടർന്ന സാഹചര്യത്തിൽ ഭാരവാഹനങ്ങൾക്ക‌് ഏർപ്പെടുത്തിയ നിരോധനം നീക്കിയിട്ടുണ്ടെങ്കിലും പ്രധാന റോഡുകളിൽ നിയന്ത്രണം വേണ്ട സ്ഥലങ്ങൾ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടാൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കലക്ടർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ അസോസിയേഷൻ പ്രസിഡന്റ് എസ് ടി അഗസ്റ്റിൻ, ജനപ്രതിനിധികൾ, ആർഡിഒ എം പി വിനോദ്, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 
 
 
 
പ്രധാന വാർത്തകൾ
 Top