14 August Friday

മാതൃകാ പൊലീസ്‌ ഓഫീസർക്ക്‌ നാടിന്റെ വിട

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
സ്വന്തം ലേഖകൻ
ചെറുതോണി
ദുരന്തമുഖത്തെ രക്ഷാപ്രവർത്തകനും സൗഹൃദയനുമായ പൊലീസ്‌ ഓഫീസർ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ വിശ്വസിക്കാനാകാതെ നാട്ടുകാർ. ഇടുക്കിയിൽ മുപ്പതുവർഷം ക്രമസമാധാനപാലന രംഗത്ത്‌ സേവനം അനുഷ്ഠിച്ച മാതൃകാ പൊലീസ്‌ ഓഫീസറായ വി പി അജിതന്റെ വേർപാട്‌ തീരാത്ത നൊമ്പരമായി. മഹാപ്രളയവും കെടുതികളുമൊക്കെ വരുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃപാടവവും ഏറെപ്പേരെ ജീവിതത്തിലേക്ക്‌ കൊണ്ടുവന്നു.   
വെള്ളിയാമറ്റം സ്വദേശിയായ അജിതൻ 1990ലാണ്‌ പൊലീസിൽ ജോലി ലഭിച്ച്‌ ഇടുക്കി എആർ ക്യാമ്പിൽ എത്തുന്നത്‌. വിശാലമായ സൗഹൃദവലയത്തിന്‌ ഉടമയായിരുന്ന അജിതൻ മികച്ച വോളിബോൾ താരവുമായിരുന്നു. 2018ൽ എസ്‌ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചു. ആ വർഷം ആഗസ്‌തിലുണ്ടായ പ്രളയകാലത്ത്‌ ഗന്ധിനഗർ കോളനിയിലും പെരുങ്കാലയിലും ഉരുൾപൊട്ടി 10 പേർ മരിച്ചപ്പോൾ ആദ്യമെത്തി രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി. 
ചെറുതോണിയെ പ്രളയം കവർന്നെടുത്തപ്പോൾ വ്യാപാരികൾക്കും നാട്ടുകാർക്കും ആശ്വാസമേകി അജിതൻ ഒപ്പംനിന്നു. കഞ്ഞിക്കുഴി സ്‌റ്റേഷൻ ചുമതലയിലിരിക്കെ ഒന്നരവർഷമായി ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചിൽ എസ്‌ഐയുടെ ചുമതലയും വഹിച്ചു. കുറച്ചുദിവസംമുമ്പ്‌ അജിതന്റെ ഭാര്യ രമണിയുടെ ബ്യൂട്ടിപാർലറിൽ രോഗബാധിതയായ സ്‌ത്രീ എത്തിയതോടെയാണ്‌ കോവിഡ്‌ ഇവരുടെ കുടുംബത്തിലെത്തിയത്‌. ആദ്യം രമണിയും പിന്നീട്‌ അജിതനും മക്കളും രോഗബാധിതരായി. 
ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അജിതന്‌ രോഗം കൂടിയതോടെയാണ്‌ മൂന്നുദിവസം മുമ്പ്‌ കോട്ടയം മെഡിക്കൽ കോളേജിലേക്ക്‌ മാറ്റിയത്‌. ഹൃദ്രോഗവും കടുത്ത പ്രമേഹവും ഉണ്ടായിരുന്ന അജിതനെ വെന്റിലേറ്ററിലേക്ക്‌ മാറ്റിയെങ്കിലും വെള്ളിയാഴ്‌ച രാത്രി 11.45 ഓടെ മരണത്തിന്‌ കീഴടങ്ങി.  അടുത്ത മാർച്ചിൽ വിരമിക്കാനിരുന്ന അജിതന്റെ അകാലവിയോഗം നാടിനെ ദുഃഖസാന്ദ്രമാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top