25 August Sunday

വണ്ടിപ്പെരിയാറിൽ കടുവയും പുലിയുമിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019
 വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാറിൽ തേയിലത്തോട്ടം മേഖലയിൽ കടുവയും പുലിയുമിറങ്ങി. നെല്ലിമല, കടശിക്കാട‌് പ്രദേശങ്ങളിലാണ‌് പുലിയും കടുവയുമിറങ്ങിയത‌്. ഇതോടെ ജനം ഭീതിയിലായി. ഒരാഴ‌്ചയ‌്ക്കുമുമ്പ‌് നെല്ലിമല ആറ്റോരം ഭാഗത്ത‌് പുലിയുടെ കാൽപാദം മണ്ണിൽ പതിഞ്ഞത‌് നാട്ടുകാർ കണ്ടെത്തിയിരുന്നു. ഞായറാഴ‌്ച വൈകിട്ടാണ‌് തള്ളയും കുഞ്ഞുമടങ്ങുന്ന പുലിയെ നെല്ലിമല ആറ്റോരം ഭാഗത്ത‌് പെരിയാർ നദീതീരത്ത‌് തോട്ടം തൊഴിലാളികളായ വിപിൻ, ബാലമുരുകൻ, ഡെയ‌്സി കുഞ്ഞുമോൻ എന്നിവർ കണ്ടത‌്. വണ്ടിപ്പെരിയാർ പഞ്ചായത്ത‌് പ്രസിഡന്റ‌് ശാന്തി ഹരിദാസ‌് തേക്കടി വനംവകുപ്പ‌് അധികൃതരെ ഫോണിൽ വിവരം അറിയിച്ചു. 
 ഇതിനെ തുടർന്ന‌് കുമളി റേഞ്ച‌് ഓഫീസറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരിൽനിന്ന‌് വിവരങ്ങൾ ആരാഞ്ഞു. കാൽപാദങ്ങൾ പതിഞ്ഞ പ്രദേശങ്ങൾ പരിശോധിക്കുകയും ചെയ‌്തു. പത്ത‌ുദിവസം മുമ്പാണ‌് ഇവിടെ പുലിയിറങ്ങിയതെന്ന‌് നാട്ടുകാർ പറയുന്നു. കടശിക്കാട‌് ഡീപ‌്ടിൻ എസ‌്റ്റേറ്റിൽ പതിനേഴാം നമ്പർ ഫീൽഡിൽ ലയത്തിന‌് സമീപം തേയിലത്തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെയാണ‌് കടുവ കൊന്നത‌്. ഭാഗികമായി ഭക്ഷിക്കുകയും ചെയ‌്തു. പെരിയാർ കടുവ സങ്കേതത്തിൽനിന്നുമാണ‌് പുലിയും കടുവയുമിറങ്ങിയിരിക്കുന്നത‌്. വണ്ടിപ്പെരിയാറിൽ വനത്തോട‌് ചേർന്ന‌് തേയില തോട്ടങ്ങളുള്ളതിനാൽ ഇതുവഴി എത്തിയതെന്നാണ‌് അധികൃതരുടെ നിഗമനം. ഇതിനുമുമ്പും വള്ളക്കടവ‌്, വാളാഡി തുടങ്ങിയ പ്രദേശങ്ങളിൽ കടുവയും പുലിയും ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു. വാളാഡി ഭാഗത്ത‌് തോട്ടത്തിലെ പൊട്ടക്കിണറ്റിൽ പുലിയുടെ ജഡം കണ്ടെത്തിയ സംഭവമുണ്ട‌്.
 
 
പ്രധാന വാർത്തകൾ
 Top