07 July Tuesday

തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക നൽകാൻ ധാരണയായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
ഏലപ്പാറ 
പെരുവന്താനം ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനിയിലെ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ശമ്പളകുടിശ്ശിക നൽകാൻ ധാരണയായി. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഉടമ തോട്ടത്തിന്റെ പ്രവർത്തനം നിർത്തിവച്ച് തൊഴിലാളികളെ കൈയൊഴിഞ്ഞ നിലപാടിനെതിരെ ഐക്യട്രേഡ് യൂണിയൻ നടത്തിവന്ന സമരമാണ്‌ വിജയത്തിലെത്തിയത്‌. തിങ്കളാഴ്‌ച കലക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളികൾക്ക്‌ നൽകാനുള്ള കുടിശ്ശിക 22ന് വിതരണം ചെയ്യാമെന്ന്‌ തോട്ടംഉടമ രാമകൃഷ്ണ ശർമ്മ സമ്മതിച്ചു. പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരു വർഷത്തിനകം പൂർണമായി കൊടുത്തുതീർക്കാനും തോട്ടം സാധാരണ നിലയിൽ പ്രവർത്തിപ്പിക്കാനും ധാരണയായി.തിങ്കളാഴ്‌ച മുതൽ തോട്ടം ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങി. ബുധനാഴ്‌ച മുതൽ തൊഴിലാളികൾ തോട്ടത്തിൽ ജോലിക്കിറങ്ങണം. ചർച്ചയിൽ ഇ എസ് ബിജിമോൾ എംഎൽഎ, കമ്പനി സിഇഒ ശിവരാമകൃഷ്ണ ശർമ, ജില്ലാ ലേബർ ഓഫീസർ വി കെ നവാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, പ്ലാന്റേഷൻ ഇൻസ്‌പെക്ടർ വി ജി ബിജു, തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച്‌ കെപിഎൽഎഫ്‌ ജനറൽ സെക്രട്ടറി പി എസ് രാജൻ, കെ ടി ബിനു, ആർ ചന്ദ്രബാബു(സിഐടിയു), സിറിയക്ക് തോമസ്, കെ കെ ജനാർധനൻ(ഐൻടിയുസി) എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top