25 March Saturday
കാട്ടാന ശല്യം

പന്നിയാര്‍, ആനയിറങ്കല്‍ റേഷന്‍ കടകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ശാന്തൻപാറ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ ഷീബ ജോർജ് സംസാരിക്കുന്നു

  ഇടുക്കി

കാട്ടാനശല്യം രൂക്ഷമായ പന്നിയാർ, ആനയിറങ്കൽ മേഖലകളിൽ റേഷൻ വിതരണം കാര്യക്ഷമമാക്കാൻ തീരുമാനം. ശാന്തൻപാറയിൽ ചേർന്ന അടിയന്തര യോഗത്തിൽ കലക്ടർ ഷീബ ജോർജ് അധ്യക്ഷയായി. ജില്ലയിലെ വന്യജീവി അക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന്റെ  അധ്യക്ഷതയില്‍ ചൊവ്വാഴ്‌ച കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. 
കാട്ടാനശല്യത്തെ തുടർന്ന് റേഷൻവിതരണം മുടങ്ങി ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് കലക്ടർ പറഞ്ഞു. അരിക്കൊമ്പൻ 13 തവണ തകർത്ത പന്നിയാർ എച്ച്എംഎൽ എസ്റ്റേറ്റിലെ റേഷൻകടയിലെ ഭക്ഷ്യവസ്തുക്കൾ നശിച്ചിരുന്നു. പുതുതായി എത്തിച്ച റേഷൻ സാധനങ്ങൾ എസ്റ്റേറ്റ് അധികൃതർ നൽകിയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ താൽക്കാലിക മുറിയിൽ സൂക്ഷിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിതരണം നടത്തും. 
ആളുകൾക്ക് നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തർ വഴി അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കും. 
പന്നിയാർ, ആനയിറങ്കൽ എന്നിവിടങ്ങളിൽ രണ്ട്‌ മാസത്തിനകം ഹാരിസൻ എസ്‌റ്റേറ്റ്‌ അധികൃതർ കോൺക്രീറ്റ് കെട്ടിടം നിർമിച്ച്‌ നൽകും.
പന്നിയാർ റേഷൻകടയുടെ പരിസരത്തെ വൈദ്യുതി ഫെൻസിങ് നിർമാണം പൂർത്തിയായതായി വനംവകുപ്പ് അസി. കൺസർവേറ്റർ(എസിഎഫ്) ഷാൻട്രി ടോം അറിയിച്ചു 
ഹൈമാസ്റ്റ് ലൈറ്റ് 
സ്ഥാപിക്കും
ഇടുക്കി വികസന പാക്കേജിലെ മൂന്ന് കോടി രൂപ ഉപയോഗപ്പെടുത്തി വന്യജീവിശല്യം രൂക്ഷമായ ഗോത്രവർഗ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. വനംവകുപ്പും പഞ്ചായത്തും ചേർന്ന്‌ ലൈറ്റ്‌ സ്ഥാപിക്കുന്നത്‌. നിലവിൽ ആനയിറങ്കൽ, പന്നിയാർ റേഷൻകട പരിസരമുൾപ്പെടെ 10 സ്ഥലങ്ങളുടെ പട്ടിക വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായ 21.7 കിലോ മീറ്റർ ഭാഗത്ത് സോളാർ തൂക്കുവേലി ഉടൻ സ്ഥാപിക്കും. സിങ്കുകണ്ടം, ചെമ്പകത്താഴുക്കുടി, 80 എക്കർ കോളനി, പന്തടിക്കളം, തിഡിർ നഗർ, ബിഎൽറാം, കോഴിപ്പെന്നക്കുടി എന്നിവിടങ്ങളിലാണ് ഫെൻസ് സ്ഥാപിക്കുക. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ അടിയന്തര ശ്രമങ്ങൾ നടത്തിവരുന്നതായും എസിഎഫ് യോഗത്തെ അറിയിച്ചു. 
   ആദ്യഘഡു നഷ്ടപരിഹാരത്തുക വിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും രണ്ടാംഘട്ട വിതരണത്തിന്‌ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കൂടുതൽ സമയവേണമെന്നും ഫണ്ട് കുറവാണെന്നും എസിഎഫ്‌ അറിയിച്ചു.  യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്,     പഞ്ചായത്തംഗങ്ങളായ പി ടി മുരുകൻ, മനു റെജി, ജില്ലാ സപ്ലൈ ഓഫീസർ കെ പി അനിൽകുമാർ, ദേവികുളം റേഞ്ച് ഓഫീസർ വിജി, എച്ച്എംഎൽ എസ്റ്റേറ്റ് പന്നിയാർ ഡിവിഷൻ അസി മാനേജർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 
  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top