03 February Friday
സമഗ്ര കുടിവെള്ള പദ്ധതി

മുഖംതിരിച്ച് ഭരണസമിതി: കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ

കട്ടപ്പന
സമഗ്ര കുടിവെള്ള പദ്ധതിയോട് മുഖംതിരിക്കുന്ന ഭരണസമിതിയുടെ നിലപാടിനെതിരെ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ. ഷെൽട്ടർ ഹോമിനെ മറയാക്കി പദ്ധതി ഇല്ലാതാക്കാനാണ് യുഡിഎഫ് നീക്കമെന്ന് കൗൺസിലർമാർ ആരോപിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ അനുവദിച്ച 100 കോടിയോളം രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർഥ്യമാകണമെങ്കിൽ നഗരസഭയുടെ ഉടമസ്ഥതയിൽ പേഴുംകവലയിലെ സ്ഥലം വിട്ടുനൽകണമെന്ന് ജലവിഭവ വകുപ്പ് രേഖമൂലം അറിയിച്ചിരുന്നു. 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും പമ്പ്ഹൗസും സ്ഥാപിക്കാൻ 10 സെന്റ് സ്ഥലം വേണ്ടിവരും. എന്നാൽ ഷെൽട്ടർ ഹോമിനായി സ്ഥലം മാറ്റിയിട്ടാൽ പേഴുംകവലയിൽ ബാക്കിയുള്ളത് 7.57 സെന്റ് വസ്തുവാണ്.
ബുധനാഴ്ച കൗൺസിൽ യോഗത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥൻ പദ്ധതി സമഗ്രമായി വിശദീകരിച്ചു. തുടർന്നാണ് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചത്. 2018ൽ ഫണ്ട് അനുവദിച്ച ഷെൽട്ടർ ഹോമിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ നഗരസഭാപരിധിയിൽ മുഴുവൻ കുടിവെള്ളം എത്തിക്കാൻ കഴിയുന്ന പദ്ധതി മുടക്കാനാണ് നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു. തുടർന്ന് വില്ലേജ് ഓഫീസിൽനിന്ന് പേഴുംകവലയിലെ സ്ഥലത്തിന്റെ സ്‌കെച്ച് ലഭ്യമാക്കി തുടർനടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
നെടുങ്കണ്ടം, പാമ്പാടുംപാറ, ഉപ്പുതറ പഞ്ചായത്തുകളിൽ മുഴുവനായും ഏലപ്പാറ, അറക്കുളം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ മിഷന്റെ ബൃഹത് പദ്ധതിയിൽ കട്ടപ്പന നഗരസഭയേയും ഉൾപ്പെടുത്തിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ 24ൽ നിന്ന് 35 ദശലക്ഷം ലിറ്റർ ശുദ്ധജലം പ്രതിദിനം വിതരണം ചെയ്യുന്ന പദ്ധതിയായി ഉയർത്തി. അഞ്ചുരുളിയിൽ പ്ലാന്റ് സ്ഥാപിച്ച് ഇടുക്കി ജലാശയത്തിലെ വെള്ളം ശുദ്ധീകരിച്ച് കല്യാണത്തണ്ടിൽ നിർമിക്കുന്ന ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇവിടുന്ന് ഗ്രാവിറ്റിയിൽ പേഴുംകവലയിൽ നിർമിക്കാനുദ്ദേശിക്കുന്ന ടാങ്കിൽ വെള്ളമെത്തിച്ചാൽ നഗരസഭാപരിധിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വിതരണം ചെയ്യാം. പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭാപരിധിയിൽ സർവേ നടത്തുന്നതിനുള്ള ടെൻഡർ പൂർത്തിയായിട്ടുണ്ട്. സർവേ പൂർത്തിയാക്കി പദ്ധതി രൂപരേഖ തയ്യാറാക്കും. എന്നാൽ പേഴുംകവലയിലെ സ്ഥലം വിട്ടുനൽകാൻ നഗരസഭ തയ്യാറായില്ലെങ്കിൽ പേഴുംകവലയിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി പദ്ധതി നടപ്പാക്കാനും ജല അതോറിറ്റി ശ്രമിച്ചേക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top