കട്ടപ്പന
‘ഒന്നായി തുല്യരായി തടുത്തു നിർത്താം' എന്ന സന്ദേശവുമായി ജില്ലാതല എയ്ഡ്സ് ദിനാചരണം വ്യാഴാഴ്ച കട്ടപ്പനയിൽ നടക്കും. ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും നേതൃത്വത്തിലാണ് പരിപാടി. രാവിലെ 9.40ന് കട്ടപ്പന ഗാന്ധി സ്ക്വയറിൽ നിന്നാരംഭിക്കുന്ന ബോധവൽക്കരണ റാലിയിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾ, എൻസിസി, എസ്പി കേഡറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ- സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ അണിനിരക്കും. തുടർന്ന് സ്കൂൾ, നഴ്സിങ് വിദ്യാർഥികൾ ഫ്ളാഷ് മോബും കട്ടപ്പന സെന്റ് ജോൺസ് കോളേജ് വിദ്യാർഥികൾ സ്കിറ്റും അവതരിപ്പിക്കും. 10.30 ന് കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. കലക്ടർ ഷീബ ജോർജ് സന്ദേശം നൽകും. ഡിഎംഒ എൽ മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വൈകിട്ട് അഞ്ചിന് ഇടുക്കി മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് എയ്ഡ്സ് ബോധവൽക്കരണ ദീപവും തെളിയിക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ബി. സെൻസി, ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജോസ് അഗസ്റ്റിൻ, ടി ബി സെന്റർ കോ-ഓർഡിനേറ്റർ ടി കെ ബിന്ദു എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..