Deshabhimani

സർവീസിലെ അവസാന ദിവസം ജോലിയിൽ 
തിരികെ പ്രവേശിച്ച അസി. എൻജിനിയര്‍ വിരമിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 11:56 PM | 0 min read

 

മൂലമറ്റം 
തൊടുപുഴ ന​ഗരസഭയില്‍ അസി. എന്‍ജിനിയറായിരിക്കെ കൈക്കൂലി കേസില്‍ വിജിലൻസ് അറസ്റ്റ്ചെയ്‍ത സി ടി അജി ജോലിയില്‍ തിരികെ പ്രവേശിച്ച ദിവസംതന്നെ വിരമിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസിലെ അവസാനദിവസം അറക്കുളം പഞ്ചായത്ത് എഇ ആയി ജോലിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്‍ച ഇയാളുടെ വിരമിക്കല്‍ ദിനമായിരുന്നു. കഴിഞ്ഞ ജൂണ്‍ 26നാണ് സി ടി അജിയെയും സഹായി റോഷന്‍ സര്‍ഗത്തെയും തൊടുപുഴ നഗരസഭാ ഓഫീസില്‍വച്ച് വിജലന്‍സ് അറസ്റ്റ്ചെയ്തത്. ജയിലിയായിരുന്ന അജിയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‍തിരുന്നു. വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 
ഇതിനിടെയാണ് സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അജി തദ്ദേശ സ്വയംഭരണ വകുപ്പിന് അപേക്ഷ നല്‍കിയത്. ഇത് പരി​ഗണിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരികെ ജോലിയില്‍ പ്രവേശിക്കാനും വിരമിക്കാനും അനുവദിക്കണമെന്ന് ഹൈക്കോടതി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇയാള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം തുടരുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എൻ‍ജിനിയര്‍ക്ക് മുന്നില്‍ ഹാജരാകാൻ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. എഎക്‍സ്ഇയുടെ നിര്‍ദേശപ്രകാരമാണ് അറക്കുളം പഞ്ചായത്തിലെത്തി ജോലിയില്‍ പ്രവേശിച്ചതും ഔദ്യോ​ഗികമായി വിരമിച്ചതും. വിജിലന്‍സിനോട് കേസുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിരുന്നില്ലെന്ന് ഡിവൈഎസ്‍പി ഷാജു ജോസ് പറഞ്ഞു. 
ശബ്ദരേഖകളും ഫോണ്‍ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ ശാ‌‍സ്‍ത്രീയപരിശോധന നടത്തിവേണം കുറ്റപത്രം സമര്‍പ്പിക്കാൻ അദ്ദേഹം പറഞ്ഞു. വിജലന്‍സ് കേസില്‍ കുറ്റവിമുക്തനായാലേ അജിക്ക് വിരമിക്കല്‍ ആനുകൂല്യം പൂര്‍ണമായി ലഭിക്കുവെന്ന് അധികൃതര്‍ പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home