09 October Wednesday
മന്ത്രി ഡോ. ആർ ബിന്ദു നാളെ മൂന്നാറിൽ

പ്രളയത്തിൽ തകർന്ന ഗവ. കോളേജ്‌ കെട്ടിട 
നിർമാണം വേഗത്തിലാക്കുക ലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
മൂന്നാർ 
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു തിങ്കൾ പകൽ 11 ന് മൂന്നാറിലെത്തും. മൂന്നാർ ഗവ.കോളേജിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് കണ്ടെത്തിയ സ്ഥലം സന്ദർശിക്കുന്നതിനാണ് മന്ത്രി എത്തുന്നത്. അഡ്വ. എ രാജ എംഎൽഎ, കലക്ടർ വി വിഗ്നേശ്വരി എന്നിവർ ഒപ്പമുണ്ടാകും. 
ഡിടിപിസിയുടെ ബജറ്റ് ഹോട്ടലും എൻജിനിയറിങ് കോളേജിന്റെ മൈതാനം ഉൾപ്പെടെയുള്ള ഭൂമിയും അതിനോട് ചേർന്നുള്ള റവന്യൂ ഭൂമിയും എൻജിനിയറിങ് കോളേജിന്റെ പഴയ ബോയ്സ് ഹോസ്റ്റലിനു സമീപത്തുള്ള സ്ഥലവുമാണ് കോളേജ് നിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭൂമി അനുയോജ്യമാണോയെന്ന് കണ്ടെത്തുന്നതിനുള്ള മണ്ണ് പരിശോധന തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ വിദഗ്ധർ നടത്തി റിപ്പോർട്ട്സർക്കാരിന് സമർപ്പിച്ചിരുന്നു. എൻജിനിയറിങ് കോളേജിന്റെ ബോയ്സ് ഹോസ്റ്റലിനു സമീപം സർവേ നടത്തിയ സ്ഥലം ഒഴിച്ച് ബാക്കി സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനും വ്യവസ്ഥകൾക്ക് വിധേയമായി നിർമാണ പ്രവർത്തനം നടത്തുന്നതിൽ അപാകതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ വകുപ്പുകളിൽനിന്നും സ്ഥലം കൈമാറി കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ നടന്നുവരികയാണ്. മന്ത്രിയുടെ സ്ഥലം സന്ദർശനത്തിലൂടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഗതിവേഗം കൂടുമെന്നാണ്‌ പ്രതീക്ഷ.
 2018ലുണ്ടായ മണ്ണിടിച്ചിലിലാണ് മൂന്നാർ ഗവ. കോളേജിന്റെ കെട്ടിടങ്ങൾ പൂർണമായി തകർന്നത്. മാസങ്ങളോളം കോളേജിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം മൂന്നാർ എൻജിനിയറിങ് കോളേജിന്റെ വർക്ക് ഷോപ്പിലും ഡിടിപിസിയുടെ ബജറ്റ് ഹോട്ടലിലും കോളേജ് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. എന്നാൽ പരിമിത സ്ഥലം മാത്രമാണ് ഇവിടെയുള്ളത്. വൈദ്യുതിമന്ത്രിയായിരുന്ന എം എം മണിയുടെ നിരന്തര  ഇടപെടലും അഡ്വ. എ രാജ എംഎൽഎയുടെ പരിശ്രമവുമാണ് കോളേജ് നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനിടയാക്കിയത്. എൻജിനിയറിങ് കോളേജിന്റെ കൈവശമുള്ള 25 ഏക്കറിൽ അഞ്ച് ഏക്കർ സ്ഥലത്താണ് കോളേജ് നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top