28 September Tuesday
ജില്ലാ വികസനസമിതി യോഗം

ഇടുക്കി പാക്കേജിന്‌ മുൻഗണന; കാലവർഷ ജാഗ്രത സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

ജില്ലാ വികസനസമിതി യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു

ഇടുക്കി 
ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകൾ 15നകം കലക്ടർക്ക് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. ഈ റിപ്പോർട്ട് ജില്ലാതല ഉന്നതതല യോഗം ചർച്ചചെയ്‌ത്‌ ക്രോഡീകരിച്ച്‌ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വികസന സമിതിയോഗത്തിലാണ്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയത്‌. കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ്‌ യോഗം ചേർന്നത്‌. 
     കാലവർഷവും ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട വിഷയങ്ങളും കോവിഡ് നടപടികളുമാണ്‌ പ്രധാനമായും ചർച്ചയായത്‌. കോവിഡ് ചില പഞ്ചായത്തുകളിൽ സി, ഡി കാറ്റഗറി മാറ്റമില്ലാതെ നിൽക്കുകയാണ്. ഇവിടെ പ്രത്യേക ടീമിനെ നിയോഗിക്കും. മൊബൈൽ പരിശോധന യൂണിറ്റുകൾ ഉപയോഗിച്ച്‌ പരിശോധന നടത്തും. രോഗസ്ഥിരീകരണ നിരക്ക് അഞ്ചിൽ താഴെ കൊണ്ടുവരാൻ തീവ്രശ്രമം വേണം. കടകൾ തുറക്കുന്നതു സംബന്ധിച്ച് സർക്കാർ നിലപാടിന് അനുസൃതമായ തീരുമാനം ഉണ്ടാകും. ജനങ്ങൾ ഒരിടത്ത്‌ ഒരേസമയം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്ന വിധം കടകൾ നിശ്ചിത സമയക്രമത്തിൽ തുറക്കുന്നത്‌ ആലോചിക്കും.
     കാറ്റിൽ വൻനഷ്ടം നേരിട്ട കോടിക്കുളം പഞ്ചായത്തിന്‌ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തോട്ടം മേഖലയിൽ കുത്തരിക്ക്‌ പകരം വെള്ള അരി കൊടുക്കണമെന്ന നിർദേശം പരിഗണിക്കാൻ യോഗം തീരുമാനിച്ചു. വിദ്യാതരംഗിണി പദ്ധതിയിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങാനുള്ള വായ്‌പയിൽ കുടിശ്ശിക വിഷയമാക്കരുതെന്ന് സഹകരണ ബാങ്കുകളോട്‌ നിർദേശിച്ചു. അടുത്ത ജനുവരിയിൽ ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ സുവർണ ജൂബിലിക്ക് പ്രത്യേക ആഘോഷപദ്ധതികൾ ആവിഷ്‌കരിക്കും. വന്യമൃഗങ്ങളിറങ്ങിയുള്ള കൃഷിനാശം തടയാൻ വനംവകുപ്പുമായി ആലോചിച്ച് സോളാർ ഹാങ്ങിങ്‌ വേലികൾ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് വനംവകുപ്പിനോട്‌ നിർദേശിച്ചു. 
   റോഡരികിലെ അപകട മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച് റവന്യു, വനം, പഞ്ചായത്ത് സംയുക്ത പരിശോധനയ്‌ക്ക്‌ നിർദേശിച്ചിട്ടുണ്ടെന്ന്‌ കലക്ടർ അറിയിച്ചു. ദേവികുളം താലൂക്കിൽ പട്ടയം നൽകുമ്പോൾ ഇടുക്കി ജില്ലക്കാർക്ക്‌ മുൻഗണന നൽകും. അപേക്ഷകൾ പരിശോധിക്കുകയാണെന്നും കലക്ടർ അറിയിച്ചു.  
കാലവർഷത്തിൽ മൂന്നാർ, ദേവികുളം മേഖലകളിൽ മണ്ണിടിഞ്ഞും റോഡു തകർന്നും ദുഷ്‌കരമായ ഗതാഗതം സുഗമമാക്കണമെന്ന് എ രാജ എംഎൽഎ ആവശ്യപ്പെട്ടു. ഇടുക്കി പാക്കേജ്‌ സംബന്ധിച്ച്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പും വൈസ്‌ പ്രസിഡന്റ്‌ ഉഷാകുമാരി മോഹൻകുമാറും നിർദേശങ്ങൾ സമർപ്പിച്ചു. പി ജെ ജോസഫ് എംഎൽഎ, ജില്ലാ വികസനസമിതി കമീഷണർ അർജുൻ പാണ്ഡ്യൻ, വിവിധ തദ്ദേശസ്വയംഭരണ സമിതി ഭാരവാഹികൾ, വിവിധ വകുപ്പ്‌ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ജില്ലാ പ്ലാനിങ്‌ ഓഫീസർ ഡോ. സാബു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top