27 November Friday

അതിജീവനത്തിന്റെ കരുത്തായി എന്നും കുഞ്ഞേട്ടൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കോട്ടയം
കോൺഗ്രസ് ഗുണ്ടകളുടെ ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടിട്ടും കുഞ്ഞേട്ടൻ പതറാതെ നിന്നു. നീണ്ട 45 വർഷം വെപ്പ്കാലിൽ ജീവിച്ചു. അതിജീവനത്തിന്റെ വലിയ മാതൃക കാണിച്ചാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ഇലഞ്ഞിമറ്റത്തിൽ പള്ളിപ്പീടികയിൽ കുഞ്ഞേട്ടൻ എന്ന പി ഇട്ടിക്കുഞ്ഞ്‌ കഴിഞ്ഞദിവസം വിടവാങ്ങിയത്‌.
ആദ്യകാല കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകനായിരുന്ന കുഞ്ഞേട്ടനെ കോൺഗ്രസുകാർ ആക്രമിച്ചത്‌ 1974ലായിരുന്നു. മീനടം പഞ്ചായത്ത് ഓഫീസിനു സമീപം അലോപ്പതി ഡിസ്പെൻസറി നടത്തുകയായിരുന്നു അന്നദ്ദേഹം. രാത്രിയിൽ സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഗുണ്ടകൾ പതിയിരുന്ന് ആക്രമിച്ചു. മുറിവ് ഒരിക്കലും കരിയാതിരിക്കാൻ രസം പുരട്ടിയ വാളുകൊണ്ടാണ് കാലിൽ വെട്ടിയത്. ദീർഘകാലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. മീനടം, പുതുപ്പള്ളി, പാമ്പാടി ഭാഗങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ സിൽബന്ധികളായ കോൺഗ്രസ്‌ ഗുണ്ടകൾ വിലസിയിരുന്ന കാലമായിരുന്നു അത്‌.
സംഭവത്തിൽ പ്രതിഷേധിച്ച്, അന്നത്തെ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം മീനടം പാപ്പച്ചന്റെ നേതൃത്വത്തിൽ‌ നടന്ന ജാഥയുടെ നേർക്കും ആക്രമണമുണ്ടായി. പ്രതിഷേധ യോഗത്തിൽ ഇഎംഎസ്‌ പങ്കെടുത്തിരുന്നു. കോൺഗ്രസ്‌ രാഷ്ട്രീയ സ്വാധീനം  ഉപയോഗിച്ച് കേസ്‌ തേച്ചുമാച്ചു കളഞ്ഞു. അക്രമത്തിന്‌ നേതൃത്വം നൽകിയ കോൺഗ്രസ്‌ നേതാക്കൾ ഇന്നും നാട്ടിൽ മാന്യൻമാരായി നടപ്പുണ്ട്‌.
 മീനടത്തെ പോരാട്ട വീര്യത്തിൽ ചുവപ്പിന്റെ ഒരു കണ്ണി കൂടി മറയുകയാണ് കുഞ്ഞേട്ടനിലൂടെ. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം റജി സഖറിയയുടെ പിതൃസഹോദരീ പുത്രനാണ്‌ കുഞ്ഞേട്ടൻ. 
സംസ്‌കാരം മീനടം സെന്റ്‌ ജോൺസ്‌ വലിയപള്ളിയിൽ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ എന്നിവർ വീട്ടിലെ അന്ത്യാഞ്‌ജലി അർപ്പിച്ചു. കുഞ്ഞേട്ടന്റെ നിര്യാണത്തിൽ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌ എന്നിവർ അനുശോചിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top